ഓഹരി ഉടമ യോഗം ഇന്ന്; ബൈജുവും കുടുംബവും പുറത്താകുമോ?
February 23, 2024ന്യൂഡൽഹി: ഏറെ പ്രതിസന്ധികൾ നേരിടുന്ന പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം ഇന്ന്. തെറ്റായ മാനേജ്മെന്റ് രീതികളും സാമ്പത്തിക ദുരുപയോഗവും മൂല്യത്തകർച്ചയും ആരോപിച്ച് സി.ഇ.ഒയും സ്ഥാപകനുമായ കണ്ണൂർ സ്വദേശി ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും ഡയറക്ടർ ബോർഡിൽനിന്ന് പുറത്താക്കാനുള്ള പ്രമേയത്തിൽ ഓഹരി ഉടമകൾ ഇന്ന് വോട്ട് ചെയ്യും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യോഗം.
പ്രമേയത്തിനെതിരെ ബൈജു രവീന്ദ്രൻ നൽകിയ ഹരജി മാർച്ച് 13ന് കർണാടക ഹൈകോടതി പരിഗണിക്കുന്നുണ്ട്. വോട്ടെടുപ്പിന്റെ ഫലം ഈ വിധിക്കനുസരിച്ചായിരിക്കും നടപ്പാക്കുക. കമ്പനിയിൽ ബൈജുവിനും കുടുംബത്തിനും 26.3 ശതമാനം ഓഹരിയാണുള്ളത്. 30 ശതമാനം ഓഹരി പങ്കാളിത്തമുള്ള ജനറൽ അറ്റ്ലാന്റിക്, പീക്ക് എക്സ്.വി, സോഫിന, ചാൻ സക്കർബർഗ്, ഔൾ, സാൻഡ്സ് എന്നീ സ്ഥാപനങ്ങൾ പ്രമേയത്തെയും പൊതുയോഗ നോട്ടീസിനെയും പിന്തുണച്ചിട്ടുണ്ട്. ആകെ 32 ശതമാനത്തിലധികം ഓഹരിയുള്ളവരാണ് അസാധാരണ പൊതുയോഗം വിളിച്ചത്.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ ബോർഡിൽനിന്ന് ബൈജുവിനെയും ഭാര്യയും സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥിനെയും ബൈജുവിന്റെ സഹോദരൻ റിജു രവീന്ദ്രനെയും പുറത്താക്കണമെന്ന് പൊതുയോഗ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
വമ്പൻ നഷ്ടവും നിരവധി കോടതി വ്യവഹാരങ്ങളും നേരിടുന്ന ബൈജു രവീന്ദ്രന് മറ്റൊരു തിരിച്ചടിയാണ് ഓഹരി ഉടമകളുടെ യോഗവും പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പും. ഓഡിറ്റർ രാജിവെച്ചതും വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ പാപ്പരാക്കൽ നടപടികൾ തുടങ്ങിയതും അമേരിക്കയിൽ വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച കോടതി നടപടികളും കൂടുതൽ ആഘാതമായി.
അതിനിടെ, ഓഹരി ഉടമകളെ തണുപ്പിക്കാൻ ബൈജു രവീന്ദ്രൻ കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. എല്ലാവരുടെയും സമ്മതത്തോടെ രണ്ട് നോൺ-എക്സിക്യൂട്ടിവ് ഡയറക്ടർമാരെ നിയമിക്കാമെന്നും പണം വിനിയോഗിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും ബൈജു കത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.