റിസർവ് ബാങ്ക് തീരുമാനം: പേടിഎമ്മിന് നഷ്ടം 500 കോടിവരെ
February 1, 2024ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിൽ പുതുതായി നിക്ഷേപം സ്വീകരിക്കരുതെന്ന റിസർവ് ബാങ്ക് തീരുമാനം വഴി കമ്പനിയുടെ പ്രവർത്തനലാഭത്തിൽ പ്രതിവർഷമുണ്ടാകുക 300 മുതൽ 500 കോടിവരെ കുറവ്. ഡിസംബറിൽ 41 കോടി യു.പി.ഐ ഇടപാടുകളാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക് വഴി നടന്നത്. പേടിഎം വാലറ്റിലും ഫാസ്ടാഗിലും ഫെബ്രുവരി 29ന് ശേഷം പണം നിക്ഷേപിക്കാനാകാത്തത് കമ്പനിക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയാണ്.
ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടി. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് വിലക്കി 2022 മാർച്ച് 11ന് റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.
പുതുതായി ഫാസ്ടാഗ് അനുവദിക്കുന്നത് വിലക്കി ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനിയും ഉത്തരവിറക്കി. വാലറ്റിലും ഫാസ്ടാഗിലുമുള്ള തുക ഉപഭോക്താക്കൾക്ക് ഉപയോഗിച്ചു തീർക്കാം. എന്നാൽ, മറ്റു ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ഇടപാടുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് പേടിഎം അറിയിച്ചു. കച്ചവടക്കാർക്കുള്ള പേടിഎം പേയ്മെന്റ് ഗേറ്റ്വേ ഇടപാടുകളും മുടങ്ങില്ല. പേടിഎം ക്യു.ആർ കോഡുകളും സൗണ്ട് ബോക്സുകളും കാർഡ് യന്ത്രങ്ങളും സാധാരണപോലെ പ്രവർത്തിക്കും.