സ്വർണവില കുതിക്കുന്നു
March 9, 2024കൊച്ചി: സർവകാല റെക്കോഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. തുടർച്ചയായ നാലാം ദിവസവും വില വർധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 6025 രൂപയും പവന് 48,200 രൂപയുമാണ് വില. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.103 ഗ്രാം) 2157 യു.എസ് ഡോളറിലെത്തി.
ഡിസംബർ 28ന് പവന് 47,120 രൂപയെന്ന സർവകാല റെക്കോഡ് രേഖപ്പെടുത്തിയ സ്വർണവില കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും കൂടിത്തുടങ്ങിയത്. ഗ്രാമിന് അന്നേദിവസം 70 രൂപയുടെയും ബുധനാഴ്ച 25 രൂപയുടെയും വ്യാഴാഴ്ച 40 രൂപയുടെയും വർധനയുണ്ടായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക അസ്ഥിരതയുടെ സൂചനകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നവംബറിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയുടെ സാമ്പത്തികം അത്ര ഭദ്രമല്ല. അതുകൊണ്ടുതന്നെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു.
വൻകിട നിക്ഷേപകരടക്കം ഓഹരികൾക്കും റിയൽ എസ്റ്റേറ്റിനും പകരം സ്വർണത്തിലാണ് കൂടുതൽ താൽപര്യം കാണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളാണ് വില ക്രമാതീതമായി ഉയരാൻ കാരണമായി പറയുന്നത്.
ഫലത്തിൽ 14 വർഷത്തിനിടെ അന്താരാഷ്ട്ര സ്വർണവിലയിലുണ്ടായ വർധന 250 ഡോളർ മാത്രമാണ്. എന്നാൽ, ഇക്കാലയളവിൽ വിപണിയിൽ സ്വർണവില 120 ശതമാനത്തിലധികം കൂടി. രൂപയുടെ മൂല്യം 84 ശതമാനത്തോളം ഇടിഞ്ഞതും ഇറക്കുമതിച്ചുങ്കം 15 ശതമാനമായതുമാണ് ഇതിന് പ്രധാന കാരണം. അന്താരാഷ്ട്ര വില 2021ൽ 2076 ഡോളറിലും കഴിഞ്ഞ ഡിസംബറിൽ 2142 ഡോളറിലും എത്തിയിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇത് 2500 ഡോളറിൽ എത്തുമെന്നും പ്രവചനങ്ങളുണ്ട്. വിലവർധന ഉപഭോക്താക്കളുടെ വാങ്ങൽ ശക്തി ക്രമാതീതമായി കുറയാൻ ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.