ഒരു കമ്പനിയെ മാത്രം നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കാനാവില്ല; പേടിഎം പ്രതിസന്ധിയിൽ പ്രതികരിച്ച് ഐ.ടി സഹമന്ത്രി

ഒരു കമ്പനിയെ മാത്രം നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കാനാവില്ല; പേടിഎം പ്രതിസന്ധിയിൽ പ്രതികരിച്ച് ഐ.ടി സഹമന്ത്രി

February 3, 2024 0 By BizNews

ബംഗളൂരു: പേടിഎം പ്രതിസന്ധിയിൽ പ്രതികരിച്ച് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. പേടിഎമ്മിന്റെ ഉടമസ്ഥരായ ഫിൻടെകിനെ റെഗുലേറ്ററി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഒരു മേഖലയിലെ റെഗുലേറ്ററിന് അവിടത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനുള്ള സമ്പൂർണ്ണ അധികാരമുണ്ട്. നിയന്ത്രണത്തിൽ നിന്നും ഒരു സ്ഥാപനത്തെ മാത്രം ഒഴിവാക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ടെക് കമ്പനികൾക്കോ ഫിൻടെക്കിനോ ഈ നിയന്ത്രണത്തിൽ ഇളവ് നൽകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പേടിഎമ്മിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർ.ബി.ഐ ഉത്തരവിറക്കിയിരുന്നു. ആർ.ബി.ഐ നിയന്ത്രണങ്ങൾ ലംഘിച്ചതിനായിരുന്നു വിലക്ക്.

പേടിഎം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്നും ക്രെഡിറ്റ് ട്രാൻസാക്ഷൻ നടത്തരുതെന്നുമായിരുന്നു ആർ.ബി.ഐ ഉത്തരവ്. ഫെബ്രുവരി 29 മുതൽ വിലക്ക് പ്രാബല്യത്തിലാവുമെന്നും ആർ.ബി.ഐ അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ കെ.വൈ.സി ഡാറ്റ കൈകാര്യം ചെയ്തതിൽ പേടിഎമ്മിന് ഗുരുതരപിഴവുണ്ടായെന്നാണ് ആർ.ബി.ഐയുടെ കണ്ടെത്തൽ. ഇതിനൊപ്പം ആപ് വഴി കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നും ആർ.ബി.ഐ സംശയിക്കുന്നു.