എസ്ബിഐയുടെ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി

എസ്ബിഐയുടെ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി

May 17, 2024 0 By BizNews

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.75 ശതമാനം വരെ കൂട്ടി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് മാറ്റം.

46 ദിവസം, 179 ദിവസം, 180 ദിവസം, 210 ദിവസം, 211 മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ എന്നീ കാലാവധികളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ഉയര്‍ന്ന പലിശ ലഭിക്കും. മേയ് 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായി.

ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ എസ്.ബി.ഐ മാറ്റം വരുത്തിയിട്ടില്ല.

എസ്.ബി.ഐയുടെ 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനമാണ് പുതിക്കിയ പലിശ. 0.75 ശതമാനം വര്‍ധന. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും.

അതേപോലെ 180 ദിവസം മുതല്‍ 210 ദിവസം വരെയുള്ളവയുടെ പലിശ നിരക്ക് 0.25 ശതമാനം വര്‍ധിച്ച് 6 ശതമാനമായി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 6.50 ശതമാനം.

180 ദിവസം മുതല്‍ 210 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയും 0.25 ശതമാനം വര്‍ധിച്ച് 6.25 ശതമാനമായി. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ ലഭിക്കും.

റിസര്‍വ് ബാങ്ക് കഴിഞ്ഞ പണനയത്തിലും റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിറുത്തിയതാണ് പലിശ നിരക്ക് ഉയരാനിടയാക്കിയത്. കഴിഞ്ഞ ഏഴു തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല.

റിപ്പോ നിരക്കുകള്‍ ഉയരുമ്പോള്‍ സ്വാഭാവികമായും ബാങ്ക് പലിശ നിരക്കുകളും ഉയരുകയും അതേപോലെ റിപ്പോ നിരക്ക് കുറയുമ്പോള്‍ പലിശ നിരക്കുകള്‍ കുറയുകയുമാണ്.

അതേസമയം എസ്.ബി.ഐയുടെ 400 ദിവസ കാലാവധിയുള്ള അമൃത് കലശ് പദ്ധതിക്ക് 7.10 ശതമാനമാണ് പലിശ.

സെപ്റ്റംബര്‍ 30 വരെ കാലാവധിയുള്ള ഈ നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കും.