അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചു

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചു

April 19, 2024 0 By BizNews

വാഷിങ്ടൺ: ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണവിതരണത്തിൽ തടസങ്ങളുണ്ടാവുമെന്ന ആശങ്കയാണ് എണ്ണവില ഉയരുന്നതിലേക്ക് നയിച്ചത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവിവിലകൾ 2.63 ഡോളർ ഉയർന്ന് ബാരലിന് 89.74 ഡോളറായി. മൂന്ന് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 3.1 ശതമാനം ഉയർന്ന് ബാരലിന് 84.66 ഡോളറായി.

യു.എസിൽ നിന്നുള്ള എ.ബി.സി ന്യൂസാണ് ഇറാനിൽ ഇസ്രായേലിന്റെ മിസൈൽ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇറാൻ നഗരമായ ഇസാഫഹാനിലെ എയർപോർട്ടിൽ വലിയ സ്ഫോടന ശബ്ദം കേട്ടുവെന്നും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടുവെന്ന വാർത്ത സി.എൻ.എന്നും റിപ്പോർട്ട് ചെയ്തു.

ഈ വാർത്തകൾ ശരിയാണെങ്കിൽ മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുക്കുമെന്ന ആശങ്കയാണ് എണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. നേരത്തെ സിറിയിലെ ഇറാന്റെ എംബസി ഇസ്രായേൽ ആക്രമിക്കുകയും അതിൽ ആൾനാശമുണ്ടാവുകയും ചെയ്തു. തുടർന്ന് ഇസ്രായേലിന് നേരെ ഇറാൻ ഡ്രോണാക്രമണം നടത്തുകയും ചെയ്തിരുന്നു.