ലയന കരാറിൽ ഒപ്പുവെച്ച് റിലയൻസും ഡിസ്നിയും
March 1, 2024മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ-വിനോദ കമ്പനിയായ വയാകോം 18നെയും ദി വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയെയും ലയിപ്പിച്ച് പുതിയ സംയുക്ത സംരംഭത്തിന് ഇരു കമ്പനികളും കരാറിൽ ഒപ്പുവെച്ചു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി പുതിയ കമ്പനിയുടെ മേധാവിയും ബോധി ട്രീ സിസ്റ്റംസ് സ്ഥാപകൻ ഉദയ് ശങ്കർ ഉപ മേധാവിയുമാകും. 70,352 കോടി രൂപയുടേതാണ് ഇടപാട്.
ഏഷ്യാനെറ്റിന്റെ വിനോദ ചാനലുകൾ പുതിയ സംയുക്ത സംരംഭത്തിന്റെ ഭാഗമാകും. പുതിയ സംരംഭത്തിൽ റിലയൻസിന് 16.34ഉം വയാകോം 18ന് 46.82ഉം ഡിസ്നിക്ക് 36.84ഉം ശതമാനമാണ് ഓഹരി. കമ്പനിയുടെ വളർച്ചക്ക് റിലയൻസ് 11,500 കോടി രൂപ കൂടി നിക്ഷേപിക്കും. നിയന്ത്രണ ഏജൻസികളുടെയും ചില മൂന്നാം കക്ഷികളുടെയും അനുമതി ലഭിച്ചാൽ സംയുക്ത സംരംഭത്തിന് ഡിസ്നി ചില അധിക മാധ്യമ ആസ്തികൾകൂടി കൈമാറാനും ധാരണയായിട്ടുണ്ട്. സംയുക്ത സംരംഭത്തിലെ ചാനലുകൾക്കും സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കുമായി 75 കോടി കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇടപാടിന് മത്സര കമീഷന്റെയും മറ്റു നിയന്ത്രണ ഏജൻസികളുടെയും അനുമതി വേണം. വർഷാവസാനത്തോടെ ഇടപാടുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.