ഗർഭകാലം; ഡോക്ടറെ കാണേണ്ടത് എപ്പോൾ
January 22, 2024ഗർഭിണിയാകുക എന്നത് സ്വാഭാവികമായ ശരീര പക്രിയ ആണെങ്കിലും ആധുനികകാലത്ത് അമ്മയാകാൻ ഒരുങ്ങുന്നവർ മാനസികമായും ശാരീരികമായും തയ്യാറെടുക്കേണ്ടതുണ്ട് . ജീവിതശൈലി, വൈകിയുള്ള ഗർഭധാരണം ഇവ മൂലം ഗർഭിണികളിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. അതൂകൊണ്ടുതന്നെ അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഗർഭകാലപരിചരണം അതീവ പ്രാധാന്യമുളളതാണ്. പ്ലാൻ ചെയ്തുള്ള ഗർഭധാരണം ആണെങ്കിൽ ഗർഭധാരണത്തിനു മുമ്പ് തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് ഉപദേശങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. പ്രമേഹം, അനീമിയ തുടങ്ങിയവ സ്ത്രീകൾക്ക് ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഗർഭം ധരിക്കുന്നതിന് മുമ്പ് പ്രമേഹം, അനീമിയ തുടങ്ങിയവ കണ്ടുപിടിക്കുകയും ചികിൽസിച്ച് മാറ്റുകയും ചെയ്തതിനുശേഷം ഗർഭിണിയാകുന്നതാണ് നല്ലത്.
ഫോളിക് ആസിഡ് ഗുളികകൾ എപ്പോൾ മുതൽ
ഗർഭിണിയാകുന്നതിനുമുമ്പുതന്നെ ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചുതുടങ്ങണം. കുട്ടിയുടെ തലച്ചോറിന്റെയും ഞരമ്പുകളുടേയും ആരോഗ്യത്തിന് ഫോളിക് ആസിഡ് ഗുളികകൾ നേരത്തെതന്നെ കഴിക്കുന്നത് നല്ലതാണ്. അമിതവണ്ണമുള്ളവർ ശരീരഭാരം നിയന്ത്രിക്കാനും ശ്രദ്ധിക്കണം.ഗർഭകാലത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകാറുണ്ട്. ഈ സമയത്ത് ദീർഘയാത്ര, കുലുക്കമുള്ള വാഹനങ്ങളിലുള്ള യാത്ര ഇവയൊക്കെ കഴിയുന്നത്ര ഒഴിവാക്കണം.
വെള്ളം കുടിക്കണം
ഛർദിയും ഓക്കാനവും മൂലം വെള്ളം കുടിക്കുന്നത് പലരും ഒഴിവാക്കും. ഇത് നല്ലതല്ല. ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ വെള്ളം എപ്പോഴും കുടിക്കണം. കുറഞ്ഞത് രണ്ട് ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കരിക്കിൻവെള്ളമോ ജ്യൂസോ ഒക്കെ ആകാം. ബ്ലീഡിങ് അടക്കം മറ്റ് പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിൽസ തേടുകയും വേണം. ഗർഭകാലത്തെ ആദ്യസന്ദർശനത്തിൽ ഡോക്ടർ ശരീരപരിശോധനകൾ, രക്തപരിശോധനകൾ, ആവശ്യമുണ്ടെങ്കിൽ അൾട്രാസൗണ്ട് സ്കാൻ എന്നിവ നടത്തിയതിനുശേഷം ഫോളിക് ആസിഡ് ഗുളികകൾ നിർദ്ദേശിക്കും.
പരിശോധനകൾ എപ്പോൾ
ഗർഭകാലത്തിന്റെ ആദ്യ 28 ആഴ്ച വരെ മാസത്തിൽ ഒരു ചെക്കപ് വേണം. 36 ആഴ്ച വരെ രണ്ടാഴ്ച കൂടുമ്പോഴും അതിനുശേഷം പ്രസവം വരെ ആഴ്ച തോറും പരിശോധന വേണം. ഓരോ ആളുകളുടേയും ശാരീരിക സ്ഥിതി, പരിശോധനകളിലെ കണ്ടെത്തലുകൾ എന്നിവ അനുസരിച്ച് ചിലപ്പോൾ കൂടുതൽ തവണ ചെക്കപ് വേണ്ടി വന്നേക്കാം.
അൾട്രാസൗണ്ട് സ്കാൻ
7-8 ആഴ്ചകളിൽ ആദ്യത്തെ സ്കാൻ വേണം. ഗർഭം ഗർഭപാത്രത്തിനുള്ളിലാണോ, ട്യൂബിലാണോ എന്ന് ഈ സ്കാനിങിൽ അറിയാം. ഇരട്ടക്കുഞ്ഞുങ്ങളാണോ എന്നും ഈ ഘട്ടത്തിൽ മനസ്സിലാക്കാം. 11-14 ആഴ്ചക്കുള്ളിൽ എൻ.ടി. സ്കാൻ ചെയ്യും. കുഞ്ഞിന്റെ കഴുത്തിന് പിറകിലുള്ള സ്‍പേസ് മെഷർ ചെയ്യും. ക്രോമസോം അബ്നോർമാലിറ്റികൾ കണ്ടുപിടിക്കാൻ ഇത് സഹായകമാണ്. ബ്രെയിനിന്റെയും സ്പൈനൽ കോഡിന്റെ ചില വൈകല്യങ്ങളും കണ്ടുപിടിക്കാൻ സാധിക്കും. ഇതിനോടൊപ്പം ഡബിൾ മാർക്കർ, സ്ക്രീനിങ് ടെസ്റ്റ് ചെയ്യാവുന്നതാണ്. down syndrome സ്ക്രീനിങിന് വേണ്ടി ഉപയോഗിക്കുന്ന ടെസ്റ്റുകൾ ആണിത്. കുട്ടിക്ക് വൈകല്യങ്ങളില്ല എന്ന് ഉറപ്പാക്കാൻ 18-22 ആഴ്ചയിൽ അനോമലി സ്കാൻ ചെയ്യാം.28 ാം ആഴ്ചയിലും 34 ാം ആഴ്ചയിലും വളർച്ച പരിശോധിക്കാൻ സ്കാനിങ് നടത്തേണ്ടതുണ്ട്. കുഞ്ഞിന്റെ പൊസിഷൻ, അംനിയോട്ടിക് ഫ്ലൂയിഡ് എന്നിവ പരിശോധിക്കാനും ഈ സ്കാനിങിലൂടെ കഴിയും.
രക്തപരിശോധന ഡോക്ടറുടെ നിർദേശമനുസരിച്ച് കൃത്യസമയത്ത് നടത്തണം.ഗർഭകാലത്ത് രക്തസമ്മർദ്ദം വർധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ബി.പി. പരിശോധന നടത്തണം. പ്രമേഹ പരിശോധനകളും നിർബന്ധമായും നടത്തേണ്ടതുണ്ട്. നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിൽ ഗർഭകാലത്ത് അഞ്ചാം മാസമൊക്കെ ആകുമ്പോൾ പ്രമേഹം പ്രത്യക്ഷപ്പെടും. പ്രസവശേഷം സ്വാഭാവികമായിത്തന്നെ ഷുഗർ നില സാധാരണനിലയിലേക്ക് വരുകയും ചെയ്യും. ആദ്യത്തെ മൂന്നുമാസത്തിൽ പനി, മറ്റ് രോഗങ്ങൾ എന്നിവ വരാതെ നോക്കണം. എന്തെങ്കിലും രോഗങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ എന്തു മരുന്നായാലും കഴിക്കാവു.അലസമായ ജീവിതശൈലി പാടില്ല. ഗർഭിണിയായാൽ എപ്പോഴും വിശ്രമിക്കുന്ന രീതി പാടില്ല. ദിവസവും കുറച്ചുനേരം നടക്കണം. ആദ്യത്തെ മൂന്നുമാസം അമിതമായ ഭാരം എടുക്കരുത്. കഠിനമായ ജോലികളും ഒഴിവാക്കണം. രാത്രി എട്ടുമണിക്കൂർ നിർബന്ധമായും ഉറങ്ങണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂർ വിശ്രമിക്കണം. ജോലിയുള്ളവർക്കും നൈറ്റ് ഷിഫ്റ്റ് ഉള്ളവർക്കും ഇത് കൃത്യമായി പാലിക്കാൻ കഴിയണമെന്നില്ല. അവരും മറ്റു സമയങ്ങളിൽ ആനുപാതികമായി ഉറങ്ങാൻ ശ്രദ്ധിക്കണം. കൃത്യമായി ഭക്ഷണം കഴിക്കാനും ഇവർക്ക് സാധ്യമാകണമെന്നില്ല. ഇക്കാര്യങ്ങളിലൊക്കെ വീഴ്ച വരാതെ പരമാവധി ശ്രദ്ധിക്കണം.
ഭക്ഷണം
ഗർഭിണികൾ അമിതമായ ഭക്ഷണം കഴിക്കേണ്ടതില്ല. കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ ഇലക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തണം. ജങ്ക് ഫുഡും പുറത്ത് നിന്നുള്ള ഭക്ഷണവും സോഫ്‌റ്റ് ഡ്രിങ്ക്‌സും പരമാവധി ഒഴിവാക്കണം. മൂന്നുമാസം പൂർത്തിയായി കഴിഞ്ഞാൽ അയണും കാൽസ്യവും കഴിച്ചുതുടങ്ങണം.ഗർഭകാലത്ത് അമിത ബി.പി. ഉള്ളവർ കൃത്യമായി ബി.പി. പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതുണ്ട്. പ്രസവത്തിനുശേഷവും മൾട്ടിവിറ്റാമിൻ, അയൺ, കാൽസ്യം ഗുളികകൾ കഴിക്കുന്നത് തുടരണം. പാലൂട്ടുന്ന സമയമാണിത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത് അത്യാവശ്യമാണ്.
ഡോ. ഷൈനി സുശീലൻ
കൺസൾട്ടന്റ് ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി
കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മുഹറഖ്