ബാങ്ക് ജീവനക്കാർ എടുക്കുന്ന വായ്പലാഭിക്കുന്ന തുകയ്ക്ക് നികുതി ഈടാക്കാമെന്ന് സുപ്രീം കോടതി
May 11, 2024 0 By BizNewsന്യൂഡൽഹി: ബാങ്കുകൾ അവരുടെ ജീവനക്കാർക്കു നൽകുന്ന പലിശരഹിതമോ കുറഞ്ഞ പലിശയോടെ ഉള്ളതോ ആയ വായ്പകളിലൂടെ ലാഭിക്കുന്ന പണം ആദായനികുതിയുടെ പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. പൊതുമേഖല ബാങ്കുകളിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകുന്നതാണ് തീരുമാനം. ആദായനികുതി നിയമത്തിലെ 17(2)(8), ആദായനികുതി ചട്ടത്തിലെ 3(7)(i) വകുപ്പുകളുടെ സാധുത ശരിവച്ചുകൊണ്ടാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം ജീവനക്കാർക്കുള്ള ആനുകൂല്യമായി നൽകുന്ന ഇത്തരം വായ്പകളിലൂടെ നേടുന്ന ലാഭത്തിന് ഈ വകുപ്പുകളുടെ പിൻബലത്തിൽ നികുതി ഈടാക്കാൻ അനുമതി നൽകിയതാണ് ഹർജിയിൽ ചോദ്യം ചെയ്തിരുന്നത്. ‘നികുതി രഹിതമോ വായ്പാനിരക്ക് കുറഞ്ഞതോ ആയ വായ്പകൾ ജീവനക്കാർക്ക് ലഭിക്കുന്ന സവിശേഷ ആനുകൂല്യമാണ്. പതിവ് വരുമാനത്തിനു മുകളിലുള്ളൊരു ആനുകൂല്യമാണത്. അതുകൊണ്ടു തന്നെ നികുതി ഈടാക്കാം’– കോടതി വ്യക്തമാക്കി.
ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷനും ഒട്ടേറെ ബാങ്കുകളിലെ ജീവനക്കാരുടെയും ഓഫിസർമാരുടെയും സംഘടനകളും ചേർന്നു നൽകിയ ഹർജികൾ പരിഗണിച്ചാണ് നടപടി.