
കേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ
April 16, 2025 0 By BizNews
ദുബായ് : വരുന്ന ഒരു വർഷത്തിനുള്ളിൽ തന്നെ കേരളം തീവ്രദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനനമായി മാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.
യു എ ഇ സന്ദർശനം നടത്തിയ സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനു ഇടതുപക്ഷ പ്രവാസി സംഘടനായായ ഓർമ സ്വീകരണം നൽകി. ഓണവും ക്രിസ്മസും ഈദും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേഒരു സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി അഭിപ്രയപെട്ടു.
ഡൽഹിയിൽ ഓശാന പ്രദക്ഷിണം അനുവദിക്കാഞ്ഞ ഭരണകൂടത്തിന്റെ നിലപാടിനെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു കെ എൻ ബാലഗോപാൽ. ഓർമ ബാഡ്മിന്റൺ ടൂർണമെന്റ് ബ്രോഷർ പ്രകാശനവും നിർവഹിച്ചു.
ദാരിദ്ര്യമുക്ത കേരളത്തിനായി പദ്ധതികൾ
കേരളത്തിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത മണ്ഡലമായി ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. 2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതിരിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.
ധർമ്മടം സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത മണ്ഡലമായതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ സൂചിപ്പിച്ചിരുന്നു. സർക്കാരിന്റെ മുൻഗണനാ ലക്ഷ്യങ്ങളിലൊന്നാണ് കേരളം ദാരിദ്ര്യമുക്തമാക്കുക എന്നുള്ളത്.
കേരളത്തിന് അതിദാരിദ്ര്യമുക്തമാകാൻ കഴിയുമെന്ന് മൂന്ന് വർഷം മുമ്പ് തന്നെ സർക്കാർ മനസിലാക്കിയിരുന്നു എന്നും എല്ലാ വകുപ്പുകളുടെയും പിന്തുണയോടെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലാണ് ധർമേടത്തിൻ്റെ മുന്നേറ്റം എന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തുടനീളം അതിദാരിദ്ര്യത്തിൽ കഴിയുന്ന 64,002 വ്യക്തികളുണ്ടായിരുന്നു. പ്രത്യേക പദ്ധതിയിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഇടപെടലുകൾ നടപ്പിലാക്കി. ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി.
ധർമ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. 196 കുടുംബങ്ങൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു. റൈറ്റ് ടു സ്വിഫ്റ്റ് അസിസ്റ്റൻസ് സംരംഭത്തിന് കീഴിൽ അടിയന്തര, ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ സേവനങ്ങൾ എത്തിക്കാനായി.
ആധാർ, റേഷൻ കാർഡുകൾ, വോട്ടർ ഐഡികൾ, ജോബ് കാർഡുകൾ എന്നിവ വിതരണം ചെയ്തും വിവിധ ക്ഷേമ പദ്ധതികൾ ലഭ്യമല്ലാത്തവർക്ക് അത് ലഭ്യമാക്കിയും ഒക്കെയാണ് ഈ നാഴികക്കല്ല് തേടാൻ ധർമ്മടത്തിന് ആയത് എന്നാണ് സർക്കാരിൻ്റെ ഭാഷ്യം.
വീട് ആവശ്യമുള്ള 83 കുടുംബങ്ങളിൽ 27 കുടുംബങ്ങൾക്ക് ലൈഫ് സ്കീം പ്രകാരം ഇവിടെ വീട് ലഭിച്ചിട്ടുണ്ട്. 40 കുടുംബങ്ങൾക്ക് വീടുകൾ നവീകരിക്കുന്നതിന് ഫണ്ടുകൾ ലഭിച്ചു. കുടുംബശ്രീ, പഞ്ചായത്ത് വഴി ആരോഗ്യ സേവനങ്ങൾ, ഭക്ഷ്യ സഹായം, വരുമാന ഉൽപ്പാദന പദ്ധതികൾ എന്നിവയും നൽകിയിരുന്നു.