അക്ഷയതൃതീയക്ക് വിറ്റത് 23 ടൺ സ്വർണ്ണം
May 10, 2024കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ വ്യാപാരികൾ വിറ്റത് 20 മുതൽ 23 ടൺ വരെ സ്വർണം. ആൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില 5,575 രൂപയായിരുന്നു. ഇന്നത്തെ 18 കാരറ്റിന്റെ വില 5,575 രൂപ. ഒരു വർഷത്തിനിടെ 1,125 രൂപയുടെ വർധനവാണ് ഒരു ഗ്രാ൦ സ്വർണത്തിന് അനുഭവപ്പെട്ടത്. പവന് 9,000 രൂപയുടെ വർധനവ്. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മുതൽ ഏഴ് വരെ ശതമാനം വ്യാപാരതോത് ഉയർന്നതായാണ് റിപ്പോർട്ട്.
അക്ഷയതൃതീയ ദിനത്തിൽ സ്വർണ വ്യാപാര മേഖലയിൽ മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. ലൈറ്റ് വെയിറ്റ്, ഡയമണ്ട് ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവക്കാണ് ആവശ്യക്കാരേറെയും. 18 കാരറ്റ് ആഭരണങ്ങളുടെ ഡിമാൻഡ് വലിയ തോതിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില പവന് 680 രൂപ കൂടി 53,600 രൂപയിലേക്ക് ഉയർന്നിരുന്നു. ഗ്രാമിന് 85 രൂപ വർധിച്ച് 6700 രൂപയായിലായിരുന്നു വ്യാപാരം. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത് സ്വർണവിലയെ സ്വാധീനിച്ചു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു.