ഇനി കടലാസ് ഭാരമില്ല; സര്‍വവിജ്ഞാനകോശം ഡിജിറ്റലാവുന്നു

ഇനി കടലാസ് ഭാരമില്ല; സര്‍വവിജ്ഞാനകോശം ഡിജിറ്റലാവുന്നു

September 30, 2018 0 By

തിരുവനന്തപുരം: മലയാളത്തിലെ വിവരസാഗരമായ സര്‍വവിജ്ഞാനകോശം ഡിജിറ്റലാകുന്നു. നൂറ്റാണ്ടുകളായി ലോകം ആര്‍ജിച്ച വിവരശേഖരം മാതൃഭാഷയിലൂെട മലയാളിക്ക് പകര്‍ന്നുനല്‍കുന്ന 16 വാള്യങ്ങളും അച്ചടിയിലുള്ള 17ാം വാല്യവുമുള്‍പ്പെടെയാണ് ഡിജിറ്റലാക്കാന്‍ ആലോചിക്കുന്നത്. വെബ്‌സൈറ്റും മൊബൈല്‍ ആപ് വേര്‍ഷനുമടക്കം ഓണ്‍ൈലന്‍ പ്ലാറ്റ്േഫാമിലൂടെ വിജ്ഞാനഭണ്ഡാരം ജനകീയമാക്കലാണ് ലക്ഷ്യം. സംരംഭം പൂര്‍ത്തിയാകുന്നതോടെ കടലാസ് ഭാരങ്ങളില്ലാതെ കൈവിരലുകളിലേക്ക് വിവരങ്ങളെത്തും.

സോഫ്‌റ്റ്വെയര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കാന്‍ ചര്‍ച്ച ആരംഭിച്ചു. ആദ്യത്തെ 10 വാല്യങ്ങള്‍ 2010 വരെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, പഴയ വാല്യങ്ങളില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ വീണ്ടും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായിട്ടുണ്ട്. ഈ പരിമിതികളെല്ലാം മറികടക്കാനാണ് ഡിജിറ്റല്‍ പതിപ്പുകളിലേക്ക് ചുവടുമാറുന്നത്. സര്‍വവിജ്ഞാന കോശത്തിന്റെ ഒരു വാല്യത്തില്‍ ശരാശരി 1,000 പേജാണുള്ളത്. ഇത്തരം 17,000 പേജുകളിലായി ഉള്ള വിജ്ഞാനമാണ് സോഫ്‌റ്റ്വെയറിലേക്ക് മാറുക.

1972ല്‍ പുറത്തിറങ്ങിയ ആദ്യ വാല്യത്തിലേത് മുതല്‍ പുറത്തിറങ്ങാനിരിക്കുന്നതടക്കം പ്രസിദ്ധീകരിച്ച മുഴുവന്‍ വാല്യങ്ങളുടെയും കമ്പ്യൂട്ടര്‍ പ്രതി (ടെക്സ്റ്റ് ഫോര്‍മാറ്റ്) കൃത്യമായി സൂക്ഷിക്കും. അതുകൊണ്ടുതന്നെ ഡിജിറ്റലാക്കുന്ന ജോലികള്‍ എളുപ്പമാണ്. നിലവില്‍ ചില തലക്കെട്ടുകള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെങ്കിലും മതിയായ തിരച്ചില്‍ സൗകര്യമോ വിഷയക്രമീകരണമോ ഇല്ല. ഈ പരിമിതികളെല്ലാം പരിഹരിച്ചാവും ഓണ്‍ലൈന്‍ പതിപ്പുകളുണ്ടാവുക.

അക്ഷരമാല ക്രമത്തില്‍ 20 വാല്യം പ്രസിദ്ധീകരിക്കാനാണ് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. അതേസമയം, വിഷയങ്ങളും തലക്കെട്ടുകളും അതില്‍ തീരില്ല. 17ാം വാല്യത്തില്‍തന്നെ ‘പ’ വരെയുള്ള അക്ഷരങ്ങളിലെ വിഷയങ്ങളേ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സാഹചര്യത്തില്‍ 20 വാല്യങ്ങള്‍ക്കുശേഷം പൂര്‍ണമായി ഓണ്‍ലൈന്‍ പതിപ്പുകളിലേക്ക് ചുവടുമാറാനും ആലോചനയുണ്ട്.