സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025: 16 കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും

സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025: 16 കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും

April 3, 2025 0 By BizNews

തിരുവനന്തപുരം: വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025’ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്‌യുഎം) കീഴിലുള്ള 16 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഏപ്രില്‍ 3ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പരിപാടി ശനിയാഴ്ച സമാപിക്കും.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭിന്‍റെ രണ്ടാം പതിപ്പാണിത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാംകുംഭ്-ന് നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറി കൗണ്‍സില്‍, ഡിപാര്‍ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രേഡ് (ഡിപിഐഐടി), സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിവയുടെ പിന്തുണയുണ്ട്.

ലോകമെമ്പാടുമുള്ള വ്യവസായ വിദഗ്ധരും യൂണികോണ്‍ സ്ഥാപകരും പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഉള്‍ക്കാഴ്ച ലഭിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പ് മഹാകുംഭിലെ പങ്കാളിത്തം സഹായകമാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളും സേവനങ്ങളും ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025’ല്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും.

ഇന്ത്യയിലെ പുത്തന്‍ സാങ്കേതികവിദ്യകള്‍ ആഗോള സംരംഭക മേഖലയില്‍ പരിചയപ്പെടുത്താന്‍ സഹായകമാകുന്ന മികച്ച വേദികളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂട്ടിഫ്രൂട്ടി ഇന്‍ററാക്ടീവ്, ആല്‍ഫഗീക് എന്‍റര്‍പ്രൈസസ്, വോയിഡ് വെക്ടര്‍ വെഞ്ചേഴ്സ്, എയിറ്റ് സ്‌പെഷ്യലിസ്റ്റ് സര്‍വീസസ്, ഇന്നോഡോട്ട്‌സ് ഇന്നൊവേഷന്‍സ്, മേക്കര്‍ലാബ്‌സ് എഡ്യൂടെക് , ബയോ-ആര്യവേദിക് നാച്ചുറല്‍സ്, നിയോക്‌സ് ഇക്കോ സൈക്കിള്‍, ക്വാണ്ടംവീവ് ഇന്‍റലിജന്‍സ്, എജിയോ ഗ്ലോബല്‍, വീകോഡ് ലൈഫ്, സയര്‍ സയന്‍സ്, ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സ്, സി-ഡിസ്‌ക് ടെക്‌നോളജീസ്, ബിപിഎം പവര്‍, ജിഎച്ച്‌സി ഫിനാന്‍ഷ്യല്‍ അഡൈ്വസറി സര്‍വീസസ് എന്നിവയാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍.

ആഗോളതലത്തിലുള്ള യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പറേറ്റുകള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ @ 2047: അണ്‍ഫോള്‍ഡിംഗ് ദി ഭാരത് സ്റ്റോറി’ എന്ന വിഷയത്തിലൂന്നിയുള്ള നേതൃത്വ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയും പരിപാടിയുടെ ഭാഗമായുണ്ടാകും.