‘എന്റർപ്രൈസ് ടെക് 30’ പട്ടികയിൽ ഇടംനേടി യുഎസിലെ മലയാളി സ്റ്റാർട്ടപ്പ്

‘എന്റർപ്രൈസ് ടെക് 30’ പട്ടികയിൽ ഇടംനേടി യുഎസിലെ മലയാളി സ്റ്റാർട്ടപ്പ്

April 3, 2025 0 By BizNews

ന്റർപ്രൈസ് ടെക്‌നോളജി രംഗത്തെ ഏറ്റവും മികച്ച സ്വകാര്യ കമ്പനികളെ കണ്ടെത്താനുള്ള പട്ടികയായ ‘എന്റർപ്രൈസ് ടെക് 30’ ലിസ്റ്റിൽ ഇടം നേടി മലയാളി കോഫൗണ്ടറായ യുഎസ് സ്റ്റാർട്ടപ്പ്.

മലയാളിയായ അശ്വിൻ ശ്രീനിവാസും ചൈനീസ് വംശജനായ അമേരിക്കൻ പൗരൻ ജെസ് സാങ്ങും ചേർന്ന് സ്ഥാപിച്ച ‘ഡെക്കഗൺ’ എന്ന കമ്പനിയാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. 2023ലാണ് ജെസ് സാങ്ങും അശ്വിൻ ശ്രീനിവാസും ചേർന്ന് എഐ അധിഷ്ഠിത സ്റ്റാർട്ടപ്പ് ആയ ഡെക്കഗൺ തുടങ്ങിയത്. കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ആണ് കമ്പനിയുടെ ആസ്ഥാനം.

എറണാകുളം സ്വദേശിയാണ് അശ്വിൻ ശ്രീനിവാസ്.

പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിലാണ് കമ്പനിക്ക് ഈ നേട്ടം. ഡെക്കഗൺ ഇതിനോടകം 100 മില്യൺ ഡോളർ (850 കോടി രൂപയോളം) മൂലധന സമാഹരണം നടത്തിയിട്ടുണ്ട്.

ടെക് കമ്പനികൾക്ക് അതിസങ്കീർണമായ കസ്റ്റമർ സപ്പോർട്ട് ജോലികൾ ജനറേറ്റീവ് എഐയുടെ സഹായത്തോടെ എളുപ്പമാക്കിക്കൊടുക്കുന്ന പ്ലാറ്റ്‌ഫോമാണ് ഡെക്കഗണിന്റേത്. ഇടത്തരം കമ്പനികളുടെ ഗണത്തിൽ രണ്ടാം സ്ഥാനത്താണ് പട്ടികയിൽ ഡെക്കഗൺ എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

മുൻ എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണന്റെയും എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ: പ്രീതി ശ്രീനിവാസന്റെയും മകനാണ് അശ്വിൻ.