സൈബർ പാർക്കിലെ ഇലൂസിയ ലാബിന് ദേശീയ പുരസ്കാരം

സൈബർ പാർക്കിലെ ഇലൂസിയ ലാബിന് ദേശീയ പുരസ്കാരം

April 3, 2025 0 By BizNews

കോഴിക്കോട് ഗവൺമെൻറ് സൈബർ പാർക്ക് ആസ്ഥാനമായ ഇലൂസിയ ലാബിന്റെ വെർച്വൽ സയൻസ് ലാബിന് കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പിന്റെ ദേശീയ പുരസ്കാരം ലഭിച്ചു. വെർച്വൽ റിയാലിറ്റി ഡെവലപ്മെൻറ് കമ്പനിയാണ് ഇലൂസിയ ലാബ്.

കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയും നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങും സംയുക്തമായാണ് ദേശീയതല മത്സരം സംഘടിപ്പിച്ചത്. 22 സംസ്ഥാനങ്ങളിൽ നിന്നും 5 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സ്ഥാപനങ്ങൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ സയൻസ് വിഷയങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച വെർച്വൽ ലാബ് സജ്ജീകരിച്ചതിനാണ് ഇമേഴ്‌സിവ് സയൻസ് എജ്യുക്കേഷൻ വിഭാഗത്തിൽ 2024-25 ലെ ദേശീയ പുരസ്കാരത്തിന് ഇലൂസിയ തെരഞ്ഞെടുക്കപ്പെട്ടത്.