
റീപ്പോ നിരക്ക് കാൽ ശതമാനം വെട്ടിക്കുറച്ച് ആർബിഐ; ലോണുകളുടെ ഇഎംഐ കുറയും
April 9, 2025 0 By BizNews
ദില്ലി: തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്.
ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇഎംഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്ന് അവസാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്നും 6 ആയി കുറച്ചത്.
പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം എന്നിവയുൾപ്പെടെ പ്രധാന സാമ്പത്തിക കാര്യങ്ങൾ വിലയിരുത്തുന്നതിനായി ആർബിഐ ഓരോ സാമ്പത്തിക വർഷത്തിലും ആറ് ദ്വൈമാസ മീറ്റിംഗുകൾ ചേരാറുണ്ട്.
ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്.
അതേസമയം, ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം ആർബിഐ 6.7 ശതമാനത്തിൽ നിന്നും 6.5% ആയി റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്.
ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന ഈ സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം നേരത്തെ പ്രവചിച്ചതായിരുന്നു. എന്നാൽ അമേരിക്കയുടെ അധിക നികുതി നിലവിൽ വരുന്നതോടെ വളർച്ച കുറഞ്ഞേക്കുമെന്നുള്ള ആശങ്കൾക്കിടയിലാണ് ജിഡിപി കുറച്ചത്.