
‘ഒരു സംസ്ഥാനം ഒരു ഗ്രാമീണ ബാങ്ക്’; വൻ അഴിച്ചുപണിയുമായി വിജ്ഞാപനമിറങ്ങി
April 9, 2025തൃശൂർ: ‘ഒരു സംസ്ഥാനം ഒരു ഗ്രാമീണ ബാങ്ക്’ എന്ന കേന്ദ്ര സർക്കാർ പദ്ധതിപ്രകാരം ഗ്രാമീണ ബാങ്കിങ് മേഖലയിൽ വൻ അഴിച്ചുപണി വരുത്തി ഗസറ്റ് വിജ്ഞാപനമിറങ്ങി.ഒന്നിലധികം ഗ്രാമീണ ബാങ്കുകൾ പ്രവർത്തിച്ചിരുന്ന സംസ്ഥാനങ്ങളിൽ അവ സംയോജിപ്പിച്ച് ഇനി ഒറ്റ ഗ്രാമീണ ബാങ്കാകും ഉണ്ടാവുക.
മേയ് ഒന്നിന് പുതിയ ഗ്രാമീണ ബാങ്കുകൾ നിലവിൽവരും. തിങ്കളാഴ്ചയാണ് വിജ്ഞാപനം ഇറങ്ങിയത്. ആന്ധ്രയിൽ നാലു ഗ്രാമീണ ബാങ്കുകൾ സംയോജിപ്പിച്ചാണ് ഒന്നാക്കിയത്. ഉത്തർപ്രദേശ്, ബംഗാൾ സംസ്ഥാനങ്ങളിൽ മൂന്നു വീതവും ബിഹാർ, ഗുജറാത്ത്, ജമ്മു-കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ രണ്ടു വീതവും ഗ്രാമീണ ബാങ്കുകളാണ് ഒറ്റ ബാങ്കാക്കിയത്.
കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര ധനമന്ത്രാലയം ‘ഒരു സംസ്ഥാനം ഒരു ഗ്രാമീണ ബാങ്ക്’ പദ്ധതി അവതരിപ്പിക്കുകയും ഇതുപ്രകാരം ഇക്കഴിഞ്ഞ ജനുവരിയിൽ തെലങ്കാനയിൽ ഒറ്റ ഗ്രാമീണ ബാങ്ക് നിലവിൽ വരുകയും ചെയ്തിരുന്നു.
കേരളത്തിൽ നോർത്ത് മലബാർ, സൗത്ത് മലബാർ ഗ്രാമീണ ബാങ്കുകൾ ‘കേരള ഗ്രാമീണ ബാങ്ക്’ എന്ന പേരിൽ 2013ൽതന്നെ സംയോജിപ്പിച്ചിരുന്നു. നബാർഡ്, ബന്ധപ്പെട്ട സംസ്ഥാന സർക്കാർ/കേന്ദ്രഭരണ പ്രദേശം, സ്പോൺസർ ബാങ്ക് എന്നിവ ചേർന്നാണ് ഗ്രാമീണ ബാങ്കുകൾ പ്രവർത്തിപ്പിക്കുന്നത്.
നിലവിൽ വരുന്ന ഗ്രാമീണ ബാങ്ക്, ബ്രാക്കറ്റിൽ സ്പോൺസർ ബാങ്ക്
1. ആന്ധ്രപ്രദേശ് ഗ്രാമീണ ബാങ്ക് -(യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ)
2. ബിഹാർ ഗ്രാമീണ ബാങ്ക് -(പഞ്ചാബ് നാഷനൽ ബാങ്ക്)
3. ഗുജറാത്ത് ഗ്രാമീണ ബാങ്ക് -(ബാങ്ക് ഓഫ് ബറോഡ)
4. ജമ്മു ആൻഡ് കശ്മീർ ഗ്രാമീണ ബാങ്ക് -(ജെ ആൻഡ് കെ ബാങ്ക്)
5. കർണാടക ഗ്രാമീണ ബാങ്ക് -(കനറാ ബാങ്ക്)
6. മധ്യപ്രദേശ് ഗ്രാമീൺ ബാങ്ക് -(ബാങ്ക് ഓഫ് ഇന്ത്യ)
7. മഹാരാഷ്ട്ര ഗ്രാമീൺ ബാങ്ക് -(ബാങ്ക് ഓഫ് മഹാരാഷ്ട്ര)
8. ഒഡിഷ ഗ്രാമീൺ ബാങ്ക് -(ഇന്ത്യൻ ഓവർസീസ് ബാങ്ക്)
9. രാജസ്ഥാൻ ഗ്രാമീൺ ബാങ്ക് -(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
10. ഉത്തർപ്രദേശ് ഗ്രാമീൺ ബാങ്ക് -(ബാങ്ക് ഓഫ് ബറോഡ)
11. വെസ്റ്റ് ബംഗാൾ ഗ്രാമീൺ ബാങ്ക് -(പഞ്ചാബ് നാഷനൽ ബാങ്ക്)