പൊതുമേഖല സ്ഥാപനങ്ങള്‍ കുതിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

പൊതുമേഖല സ്ഥാപനങ്ങള്‍ കുതിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

April 10, 2025 0 By BizNews

ആലപ്പുഴ: വ്യവസായ വകുപ്പിലെ 24 പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കിയതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കെ.എസ്.ഡി.പി 50ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വകാര്യവല്‍ക്കരിക്കാൻ ഒരുങ്ങിയ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പി ഇന്ന് ലാഭത്തിലാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുവരവ് ഈ വർഷം 5,119.18 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

ഓങ്കോളജി പാർക്ക് യാഥാർത്ഥ്യമാകുമ്പോള്‍ കെ.എസ്.ഡി.പി രാജ്യത്തെ മുൻനിര പൊതുമേഖല സ്ഥാപനമാകും.പൊതുമേഖലയെ മത്സരക്ഷമമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. കയർ കോർപ്പറേഷനും കയർഫെഡും ലാഭം വർദ്ധിപ്പിച്ചു. 1156 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെല്‍ട്രോണ്‍ മാറി.

പി.പി ചിത്തരഞ്ജൻ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യാതിഥിയായി.

കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ബ്രാൻഡ് ചെയ്ത് പൊതുവിപണിയില്‍ വില്പനയ്ക്ക് സജ്ജമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച ബ്രാൻഡ് നെയിമുകളായ കേരാംസോള്‍ പ്ലസ് കഫ് സിറപ്പ്,കേരപിപറ്റ്സ് ഇഞ്ചക്ഷൻ, കെരാമിസിൻ ടാബ്‌ലെറ്റ് എന്നിവയുടെ വില്പന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മന്ത്രി പി.രാജീവ് ഇ.എ.സുബ്രഹ്മണ്യന് കൈമാറി.

ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചെയർമാൻ സി.ബി.ചന്ദ്രബാബു, വ്യവസായ വകുപ്പ് ഒ.എസ്.ഡി ആനി ജൂല തോമസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. റിയാസ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി സംഗീത തുടങ്ങിയവർ പങ്കെടുത്തു.

കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള മരുന്നുകള്‍, സർജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് മെഡിമാർട്ട് ആരംഭിച്ചത്.