
തീരുവയുദ്ധം: ലോകവ്യാപാരത്തില്‍ മൂന്നുശതമാനം ഇടിവുണ്ടാക്കുമെന്ന് യുഎന്‍ സാമ്പത്തിക വിദഗ്‌ധ
April 15, 2025 0 By BizNews
മുംബൈ: അമേരിക്കയുടെ പകരച്ചുങ്കമുയർത്തുന്ന വ്യാപാരയുദ്ധം ആഗോളവ്യാപാരത്തില്‍ മൂന്നുശതമാനം വരെ ഇടിവുണ്ടാക്കിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്റർനാഷണല്‍ ട്രേഡ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പമേല കോക് ഹാമില്‍ട്ടണ്‍. ആഗോളതലത്തില്‍ കയറ്റുമതി രംഗത്ത് കാതലായമാറ്റങ്ങള്‍ക്ക് ഇതുവഴിതുറന്നേക്കും.
തീരുവയുടെ പശ്ചാത്തലത്തില്‍ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളില്‍നിന്ന് കയറ്റുമതി ഇന്ത്യ, കാനഡ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളിലേക്കു മാറുമെന്നാണ് ജനീവയില്‍ നടന്ന സമ്മേളനത്തില്‍ ഇവർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞയാഴ്ചയാണ് ലോകത്ത് എഴുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഉയർന്ന തീരുവ പ്രഖ്യാപിച്ചത്. പിന്നീടിത് ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചു.
തീരുവ തുടർന്നാല്‍ ആഗോള വ്യാപാരത്തില്‍ മൂന്നുശതമാനത്തിലധികം ഇടിവുണ്ടായേക്കാം. ദീർഘകാലാടിസ്ഥാനത്തില്‍ വ്യാപാരരീതികള്‍ മാറും.
തീരുവ മെക്സിക്കോയില്‍നിന്നുള്ള കയറ്റുമതിയെ വളരെയധികം ബാധിച്ചു. വിയറ്റ്നാമില്‍നിന്നുള്ള കയറ്റുമതി യുഎസ്, മെക്സിക്കോ, ചൈന വിപണികളില്‍നിന്നുമാറി പൂർവേഷ്യയിലേക്കും വടക്കൻ ആഫ്രിക്കൻ വിപണികളിലേക്കും യൂറോപ്പിലേക്കും മറ്റുമായി മാറും.
വികസ്വരരാജ്യങ്ങളില്‍ സാമ്പത്തികപ്രവർത്തനങ്ങളില്‍ തുണി, വസ്ത്രവ്യവസായം സുപ്രധാനമാണ്.
ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ മേഖലയില്‍ ഉയർന്ന തീരുവകൊണ്ടുവന്നത് ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളെ സാമ്പത്തികമായി ബാധിക്കുന്നതാണ്.
ലോകത്ത് വസ്ത്ര കയറ്റുമതിയില്‍ രണ്ടാംസ്ഥാനത്തുള്ള ബംഗ്ലാദേശിന് 37 ശതമാനമാണ് തീരുവ ചുമത്തിയിട്ടുള്ളത്. ഇതു പ്രാബല്യത്തിലായാല്‍ 2029 ആകുമ്പോഴേക്കും അമേരിക്കയിലേക്കുള്ള വാർഷിക കയറ്റുമതിയില്‍ 330 കോടി ഡോളറിന്റെ നഷ്ടമാണുണ്ടാകുകയെന്ന് അവർ പറഞ്ഞു.
വൈവിധ്യവത്കരണം, മൂല്യവർധന, പ്രാദേശിക സഹകരണം എന്നിവയിലൂടെ മാത്രമേ വികസ്വര രാജ്യങ്ങള്‍ക്ക് പ്രതിസന്ധി മറകടക്കാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
തീരുവ നടപ്പാക്കുന്നത് 90 ദിവസത്തേക്കു മരവിപ്പിക്കുന്നതായുള്ള പ്രഖ്യാപനം വരുന്നതിനു മുൻപ് ഫ്രഞ്ച് സാമ്ബത്തിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടായ സിഇപിഐഐയുമായി സഹകരിച്ചു തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് അമേരിക്ക കൊണ്ടുവന്ന പകരച്ചുങ്കവും അതിനെ പ്രതിരോധിക്കാനുള്ള നടപടികളും 2040 ആകുമ്പോഴേക്കും ആഗോള ജിഡിപിയില്‍ 0.70 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.
മെക്സിക്കോ, ചൈന, തായ്ലൻഡ്, ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങള്‍, അമേരിക്ക തുടങ്ങിയവയാകും ഇതുമൂലം കൂടുതല്‍ തിരിച്ചടി നേരിടുകയെന്നും റിപ്പോർട്ട് പറയുന്നു.