
സൗത്ത് ഇന്ത്യൻ ബാങ്കിന് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം
April 4, 2025 0 By BizNews
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന് (South Indian Bank) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിലും (ജനുവരി-മാർച്ച്) മികച്ച ബിസിനസ് പ്രവർത്തനനേട്ടം.
മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയിൽ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ വ്യക്തമാക്കി.
മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയിൽ നിന്ന് 1.07 ലക്ഷം കോടി രൂപയായി വളർന്നു; നേട്ടം 5.50 ശതമാനം. റീട്ടെയ്ൽ ഡെപ്പോസിറ്റ് 1.05 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 97,743 കോടി രൂപയേക്കാൾ 7.44 ശതമാനം അധികം.
കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 32,693 കോടി രൂപയിൽ നിന്ന് 3.17% ഉയർന്ന് 33,730 കോടി രൂപയായി.
എന്നാൽ, കാസ അനുപാതം (CASA Ratio) 32.08 ശതമാനത്തിൽ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ ഡിസംബർ പാദത്തിലെ 31.15 ശതമാനത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടുവെന്നത് നേട്ടമാണ്.
കഴിഞ്ഞവർഷം ഏപ്രിൽ 30ന് കുറിച്ച 31.80 രൂപയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 18ലെ 22.27 രൂപയും.