ഒമാൻ: ബിസിനസ് നടപടികൾ സുഗമമാക്കി അധികൃതർ
December 21, 2023മസ്കത്ത്: സുൽത്താനേറ്റിൽ ബിസിനസ് നടപടികൾ സുഗമമാക്കി അധികൃതർ. നിക്ഷേപകർക്കു അവർ സ്വന്തം രാജ്യത്തായാലും റസിഡൻസി കാർഡ് ആവശ്യമില്ലാതെതന്നെ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നു വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപകർക്കു മിനിമം മൂലധനം കാണിക്കാതെതന്നെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കഴിയും.
ഒരു നിശ്ചിത കാലയളവിനുള്ളിലേക്കു പെർമിറ്റുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2,500ലധികം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളും ലൈസൻസുകളും അറിയാൻ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴിയുള്ള ഇൻവെസ്റ്റ്മെന്റ് ഗൈഡ് നിക്ഷേപകനെ സഹായിക്കും.
ആട്ടിഫിഷൽ ഇന്ററലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പോർട്ടലിൽ ‘ദ നോൺ സിറ്റിസൺസ്/നോൺ റെസിഡന്റ്സ്’വിഭാഗത്തിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. നേരത്തേ ഒമാനിലുള്ളവർക്കു മാത്രമായിരുന്നു വാണിജ്യ വ്യവസായ നിക്ഷേപക മന്ത്രാലയത്തിന്റെ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം പോർട്ടൽ ആക്സസ് ചെയ്യാൻ കഴിഞ്ഞിരുന്നത്.
എന്നാൽ, പുതിയ തീരുമാനത്തോടെ എവിടെനിന്നും ഇതു ആക്സസ് ചെയ്യാൻ കഴിയും. പുതിയ നടപടി ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുമെന്നും രാജ്യത്തേക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഇടവരുത്തുമെന്നും ഫെമിഷ് ബിസിനസ് സൊല്യൂഷൻ മാനേജിങ് ഡയറ്ക്ടർ മുഹമ്മദ് ഷാഫി പറഞ്ഞു.