പ്രളയം: ഇന്‍ഷുറന്‍സിനായുള്ള സപ്ലൈകോയുടെ നീക്കം ഇഴയുന്നു

പ്രളയം: ഇന്‍ഷുറന്‍സിനായുള്ള സപ്ലൈകോയുടെ നീക്കം ഇഴയുന്നു

September 18, 2018 0 By

കണ്ണൂര്‍: കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലും സംസ്‌കരിച്ചെടുത്ത അരിയും വെള്ളപ്പൊക്കത്തില്‍ നശിച്ചു 112.94 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതിനുള്ള സപ്ലൈകോ നീക്കം ഇഴയുന്നു. മില്ലുകളില്‍ അവശേഷിക്കുന്ന ധാന്യം അനുദിനം ഈര്‍പ്പം കയറി നശിക്കുമ്പോള്‍, കേടാവാത്ത അരി തിരിച്ചറിയാന്‍ ലാബ് പരിശോധന പോലും പൂര്‍ത്തിയാക്കിയില്ല. ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി അനുകൂല നിലപാടെടുത്തിട്ടും ഇടനിലക്കാരായി (ഇന്‍ഷുറന്‍സ് ബ്രോക്കര്‍) കൊച്ചിയിലെ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതിലും ദുരൂഹത.

നെല്ലു സംഭരണ പദ്ധതിയിലെ നെല്ലിനും അരിക്കുമായി ഓരോ മാസവും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സപ്ലൈകോ ലക്ഷങ്ങളുടെ പ്രീമിയം അടയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ 27 മില്ലുകളിലായി 24216.19 ടണ്‍ നെല്ലും 26131.61 ടണ്‍ അരിയുമാണു വെള്ളപ്പൊക്കത്തില്‍ നശിച്ചത്. 5115 ടണ്‍ നെല്ലും 2401 ടണ്‍ അരിയും ബാക്കിയുണ്ടെന്നാണു കഴിഞ്ഞ 29നു സര്‍ക്കാരിനു സമര്‍പ്പിച്ച കണക്ക്. വെള്ളം കയറാത്ത മേല്‍ത്തട്ടിലെ ചാക്കുകള്‍ സുരക്ഷിതമാക്കണമെന്നു സപ്ലൈകോ വിളിച്ച യോഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനാല്‍ പുതിയ കണക്കെടുപ്പില്‍ നഷ്ടം കൂടും. ഇന്‍ഷുറന്‍സ് കമ്പനിയുടെ കണക്കെടുപ്പ് ഇന്ന് അവസാനിക്കും. എട്ടു മില്ലുകളിലെ മോശമായ നെല്ലും അരിയും ഒഴിവാക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെങ്കിലും, ഉപയോഗിക്കാവുന്നതും ഉപയോഗിക്കാന്‍ കഴിയാത്തതുമായ ധാന്യം പരിശോധിച്ചു കണക്കെടുക്കാന്‍ ഭക്ഷ്യവകുപ്പു നിയോഗിച്ച സംയുക്ത സാങ്കേതിക സമിതി, സംയുക്ത പരിശോധനാ സമിതി എന്നിവയുടെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്നു പരമാവധി തുക വാങ്ങിയെടുക്കാന്‍ നിയമപ്രകാരമാണു സ്വകാര്യ കമ്പനിയെ ഇന്‍ഷുറന്‍സ് ബ്രോക്കറായി നിയമിച്ചതെന്നാണു ഭക്ഷ്യവകുപ്പ് വിശദീകരണം. സാങ്കേതിക സമിതിയെയും പരിശോധനാ സമിതിയെയും നിയോഗിച്ചത് എഫ്‌സിഐ മാനദണ്ഡപ്രകാരമാണ്. ഇന്‍ഷുറന്‍സ് കമ്പനിയുമായി തര്‍ക്കമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളാണു സ്വീകരിച്ചിട്ടുള്ളതെന്നും ഭക്ഷ്യവകുപ്പ് പറയുന്നു.