ഫിക്കി അറബ് കൗൺസിൽ ചെയർമാൻപദവിയിൽ അദീബ് അഹമ്മദ്

ഫിക്കി അറബ് കൗൺസിൽ ചെയർമാൻപദവിയിൽ അദീബ് അഹമ്മദ്

May 12, 2025 0 By BizNews

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംങ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു.

2025-26 കാലയളവിലേക്കാണ് തുടർന്നും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023ൽ നിയമിതനായ അദീബ് അഹമ്മദ് തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക് വഹിച്ചിരുന്നു.

ഫിക്കി അറബ് കൗൺസിൽ ചെയർമാൻ എന്ന നിലയിൽ അദീബ് അഹമ്മദ് ഫിക്കിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തുടരും. അതോടെ ഫിക്കിയുടെ ദേശീയ, അന്തർദേശീയ തലങ്ങളിലുളള സംഘടനയുടെ വിശാലമായ നയരൂപീകരണത്തിനും അദ്ദേഹത്തിന് പങ്കാളിത്തം വഹിക്കാനാകും.

ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ഫിക്കി അറബ് കൗൺസിൽ നിർണായക പങ്കാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ദുബായ് എക്സ്പോ സിറ്റിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് മികച്ച നേട്ടമായിരുന്നു. അത് ഏഷ്യ-പസഫിക് സിറ്റീസ് സമ്മിറ്റ് (APCS) 2025 ഉൾപ്പെടെയുള്ള പ്രധാന പരിപാടികളിൽ ദീർഘകാല സഹകരണത്തിന് വഴിയൊരുക്കി.

രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപ കേന്ദ്രീകൃത പ്രതിനിധി സംഘങ്ങളെ യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിപ്പിക്കാനും ഫിക്കി അറബ് കൗൺസിൽ വഹിച്ച പങ്ക് ശ്രദ്ധേയമാണ്.

കൂടാതെ ദുബൈയിൽ ഫിക്കിയുടെ ഓഫീസ് ആരംഭിച്ചതും അദീബ് അഹമ്മദിന്റെ നേതൃത്വത്തിന് കീഴിലുള്ള നേട്ടമാണ്.