ബോയിംഗ് ഡെലിവറിക്കുള്ള വിലക്ക് ചൈന പിന്‍വലിച്ചു

ബോയിംഗ് ഡെലിവറിക്കുള്ള വിലക്ക് ചൈന പിന്‍വലിച്ചു

May 14, 2025 0 By BizNews

ബെയ്‌ജിങ്‌: ബോയിംഗ് വിമാനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് ഒരു മാസമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതായി ചൈന പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വഴിത്തിരിവായതിനെത്തുടര്‍ന്നാണിത്.

യുഎസ് നിര്‍മ്മിത വിമാനങ്ങളുടെ ഡെലിവറി ഇപ്പോള്‍ പുനരാരംഭിക്കാമെന്ന് ബെയ്ജിംഗിലെ ഉദ്യോഗസ്ഥര്‍ ആഭ്യന്തര വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.
എങ്കിലും വിമാനക്കമ്പനികള്‍ക്ക് അവരുടെ സമയക്രമത്തിലും നിബന്ധനകളിലും ഡെലിവറി ക്രമീകരിക്കാന്‍ വിവേചനാധികാരം ഉണ്ടായിരിക്കും.

അമേരിക്കയും ചൈനയും 90 ദിവസം പരസ്പര തീരുവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ് 115 ശതമാനം തീരുവ ഇരു രാജ്യങ്ങളും കുറച്ചിരുന്നു.

നിലവില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം താരിഫിലേക്കും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതിയിലേക്കും കുറച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചകള്‍ നടന്നത്.

യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 125 ശതമാനം തീരുവ ചുമത്തിയപ്പോള്‍, യുഎസ് കൂടുതല്‍ തിരിച്ചടി നല്‍കി, ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തി.

ഇത് വ്യാപാരയുദ്ധം ഏറെ കടുപ്പിച്ചിരുന്നു. ഇനി 90 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ധാരണയിലെത്താമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.