
പണപ്പെരുപ്പം 6 വർഷത്തെ താഴ്ചയിൽ
May 13, 2025 0 By BizNews
- വിലക്കയറ്റത്തിൽ കേരളം തന്നെ ‘നമ്പർ വൺ’
ന്യൂഡൽഹി: രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വൻതോതിൽ കുറഞ്ഞുവെന്ന് വ്യക്തമാക്കി ഏപ്രിലിലും പണപ്പെരുപ്പം മികച്ചതോതിൽ താഴ്ന്നു. മാര്‍ച്ചിലെ 3.34 ശതമാനത്തിൽ നിന്ന് 3.16 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
2019 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്. റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയ്ൽ പണപ്പെരുപ്പമാണെന്നിരിക്കേ, അടുത്തമാസം ചേരുന്ന പണനയ നിർണയ സമിതി യോഗത്തിൽ പലിശഭാരം കുറയാനുള്ള സാധ്യത ഉയർന്നു.
റീപ്പോനിരക്ക് കുറഞ്ഞാൽ ബാങ്ക് വായ്പകളുടെ പലിശനിരക്കും ഇഎംഐ ഭാരവും കുറയുമെന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും. കഴിഞ്ഞ ഒക്ടോബറിൽ 6 ശതമാനത്തിനും മുകളിലായിരുന്ന പണപ്പെരുപ്പമാണ് നിലവിൽ 3.16 ശതമാനത്തിലെത്തിയത്.
പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് എംപിസിയുടെ ലക്ഷ്യം. ഇത് രണ്ടു ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ 3.25 ശതമാനമായിരുന്ന ദേശീയ ഗ്രാമീണതല പണപ്പെരുപ്പം കഴിഞ്ഞമാസം 2.92 ശതമാനത്തിലേക്കും നഗരങ്ങളിലേത് 3.43ൽ നിന്ന് 3.36 ശതമാനത്തിലേക്കും കുറഞ്ഞു.
റിസർവ് ബാങ്കിനെ കഴിഞ്ഞവർഷങ്ങളിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തിയത് ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റമായിരുന്നു. ഭക്ഷ്യവിലപ്പെരുപ്പം കഴിഞ്ഞ ഒക്ടോബറിൽ 10.87 ശതമാനവുമായിരുന്നു. മാർച്ചിൽ ഇത് 2.69 ശതമാനത്തിലേക്കും കഴിഞ്ഞമാസം വെറും 1.78 ശതമാനത്തിലേക്കും ഇടിഞ്ഞു.
2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ചയാണിത്. പച്ചക്കറി, പയർ, പഴങ്ങൾ, ഇറച്ചി, മീൻ, പഴ്സനൽകെയർ ഉൽപന്നങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ വില കുറഞ്ഞതാണ് കഴിഞ്ഞമാസം നേട്ടമായത്.
രാജ്യത്ത് വിലക്കയറ്റത്തോത് അഥവാ പണപ്പെരുപ്പം ഏറ്റവും ഉയരത്തിലുള്ളത്, ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലാണ്. തുടർച്ചയായ നാലാംമാസമാണ് കേരളം ‘നമ്പർ വൺ’ ആയി തുടരുന്നത്.
5.94 ശതമാനമാണ് കേരളത്തിൽ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുപ്പം. മാർച്ചിലെ 6.59 ശതമാനത്തിൽ നിന്ന് മികച്ചതോതിൽ കുറഞ്ഞു.
കേരളത്തിൽ ഗ്രാമങ്ങളിലെ പണപ്പെരുപ്പം മാർച്ചിലെ 7.29 ശതമാനത്തിൽ നിന്ന് 6.46 ശതമാനത്തിലേക്കും നഗരങ്ങളിലേത് 5.39 ശതമാനത്തിൽ നിന്ന് 4.91 ശതമാനത്തിലേക്കും കുറഞ്ഞിട്ടുണ്ട്.
പണപ്പെരുപ്പത്തിൽ 4.26 ശതമാനവുമായി കർണാടകയാണ് രണ്ടാംസ്ഥാനത്ത്. ജമ്മു കശ്മീർ (4.25%), പഞ്ചാബ് (4.09%), ഉത്തരാഖണ്ഡ് (3.81%) എന്നിവയാണ് തൊട്ടുപിന്നാലെ യഥാക്രമമുള്ളത്.
തെലങ്കാന (1.26%), ഡൽഹി (1.77%), രാജസ്ഥാൻ (2.16%), ജാർഖണ്ഡ് (2.18%), ഒഡീഷ (2.50%), ഗുജറാത്ത് (2.51%), ഉത്തർപ്രദേശ് (2.51%) എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More