ഇന്ത്യ-പാക് വെടിനിർത്തൽ: ഓഹരി വിപണികളിൽ കുതിപ്പ്

ഇന്ത്യ-പാക് വെടിനിർത്തൽ: ഓഹരി വിപണികളിൽ കുതിപ്പ്

May 12, 2025 0 By BizNews

മുംബൈ: രണ്ടു ‘വെടിനിർത്തൽ’ പ്രഖ്യാപനങ്ങൾ ആഗോള, ആഭ്യന്തര സാമ്പത്തികമേഖലയ്ക്കു സമ്മാനിച്ച ആശ്വാസത്തിന്റെ കരുത്തിൽ‌ ഇന്ത്യൻ ഓഹരികൾ ഇന്ന് കുതിച്ചുകയറിയത് സമീപകാലത്തെ ഏറ്റവും മികച്ച ഉയരത്തിലേക്ക്.

ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന യുദ്ധസമാന സാഹര്യത്തിന് അറുതിയായതും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ‘വ്യാപാരയുദ്ധം’ അവസാനിക്കുന്നതും ഊർജമാക്കിയാണ് ഓഹരികളുടെ കുതിപ്പ്.

കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് സെൻസെക്സും നിഫ്റ്റിയും കാഴ്ചവച്ചത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന് അയവുവന്നപ്പോൾ തന്നെ ഇന്ന് ഇന്ത്യൻ ഓഹരികൾ കുതിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു.

ഇതിനിടയിൽ, യുഎസ്-ചൈന താരിഫ് സമവായ വാർത്തകൾ കൂടി വന്നതോടെ കുതിപ്പിന്റെ വേഗം കൂടി. സെൻസെക്സ് 2,975.43 പോയിന്റ് (+3.74%) കുതിച്ച് 82,429.90ലും നിഫ്റ്റി 916 പോയിന്റ് (+3.82%) മുന്നേറി 24,924.70ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് ഒരുവേള 82,495.97 വരെ ഉയർന്നിരുന്നു; നിഫ്റ്റി 24,944.80 വരെയും.

വിവിധ കമ്പനികളുടെ വ്യക്തിഗത നേട്ടം, യുഎസ്-ഏഷ്യൻ ഓഹരി വിപണികളുടെ ഉയർച്ച, മ്യൂച്വൽഫണ്ടിലേക്ക് എസ്ഐപി വഴിയുള്ള പണമൊഴുക്കിലെ റെക്കോർഡ് വളർച്ച (ഏപ്രിലിൽ എത്തിയത് റെക്കോർഡ് 26,632 കോടി രൂപ) തുടങ്ങിയ അനുകൂലഘടകങ്ങളും ഇന്ന് ഓഹരികളുടെ കുതിപ്പിന് വളമായി.

ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ നിക്ഷേപക സമ്പത്ത് ഇന്ന് ഒറ്റദിവസം 16.15 ലക്ഷം കോടി രൂപ വർധിച്ചുവെന്നതും ശ്രദ്ധേയം. 416.40 ലക്ഷം കോടി രൂപയിൽ നിന്ന് 432.56 ലക്ഷം കോടി രൂപയായാണ് വർധന.

നിഫ്റ്റി മിഡ്ക്യാപ്100 സൂചിക 4.12 ശതമാനവും സ്മോൾക്യാപ്100 സൂചിക 4.12 ശതമാനവും മുന്നേറി. അതേസമയം, ഇന്ത്യ വിക്സ് സൂചിക 14.97 ശതമാനം ഇടിഞ്ഞ് 18.39 ആയി. ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിന്റെ ദിശ വ്യക്തമാക്കുന്ന സൂചികയാണിത്.

ഇന്ത്യ വിക്സ് ഇടിഞ്ഞത് നിക്ഷേപകർക്കിടയിൽ ആശങ്കമായുന്നു എന്നതിന്റെ സൂചനയുമാണ്. വിശാല വിപണിയിൽ നിഫ്റ്റി ഐടി 6.70 ശതമാനം ഉയർന്നു. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിനക്കുതിപ്പ്.

നിഫ്റ്റി ഓട്ടോ 3.41%, ധനകാര്യ സേവനം 4.21%, എഫ്എംസിജി 2.64%, മീഡിയ 3.18% എന്നിങ്ങനെ ഉയർന്നു. 5.86 ശതമാനമാണ് നിഫ്റ്റി മെറ്റലിന്റെ കുതിപ്പ്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് 3.27%, സ്വകാര്യബാങ്ക് 3.24%, റിയൽറ്റി 5.93%, ഹെൽത്ത്കെയർ 0.68% എന്നിങ്ങനെ നില മെച്ചപ്പെടുത്തി.