ഐഫോണ്‍ വില കൂട്ടാനൊരുങ്ങി ആപ്പിള്‍

ഐഫോണ്‍ വില കൂട്ടാനൊരുങ്ങി ആപ്പിള്‍

May 14, 2025 0 By BizNews

കാലിഫോർണിയ: വരാനിരിക്കുന്ന ഐഫോണ്‍ സീരീസിന്‍റെ വില വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്ന ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് താരിഫ് ചുമത്തിയതിന്‍റെ ഫലമായാണ് വില വര്‍ദ്ധനവ് എന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു പ്രചാരണം തടയുന്നതിന്‍റെ ഭാഗമായി അധിക ഫീച്ചേഴ്സ് അവതരിപ്പിച്ച് വില കൂട്ടാനാണ് ആപ്പിള്‍ ആലോചിക്കുന്നത്.

സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി. ആപ്പിളിന്‍റെ വില വര്‍ദ്ധനവിന് കാരണം ഡിസൈനിലും ഫോര്‍മാറ്റിലും വരുത്തിയ ചില മാറ്റങ്ങളാണെന്നതിനായിരിക്കും ആപ്പിളിന്‍റെ വാദം. ആപ്പിള്‍ അധിക തീരുവയുടെ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറുകയാണെങ്കില്‍ ഐ ഫോണ്‍ വിലയില്‍ 30% മുതല്‍ 40% വരെ വര്‍ദ്ധനവുണ്ടാകും.

കമ്പനി ചൈനയില്‍ പ്രോ, പ്രോ മാക്സ് സ്മാര്‍ട്ട്ഫോണുകളുടെ വലിയ തോതിലുള്ള ഉത്പാദനം തുടരാനാണ് സാധ്യത. ഉയര്‍ന്ന നിലവാരമുള്ള മോഡലുകളുടെ ഉത്പാദനത്തില്‍ ചൈന ഇപ്പോഴും മുന്നിലാണ്.

യുഎസ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ഫാക്ടറികള്‍ക്ക് ഇപ്പോഴും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇല്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട പറയുന്നു.

വ്യാപാര സംഘര്‍ഷങ്ങള്‍ തണുപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ 16 മോഡല്‍ യുഎസില്‍ 799 ഡോളറിനാണ് വില്‍ക്കുന്നത്. താരിഫ് ചെലവ് ഫോണിന്‍റെ വിലയില്‍ ചുമത്തിയാല്‍ വില 1,142 ഡോളറായി ഉയരും. അതായത് 67915 രൂപ വിലയുള്ള ഐഫോണ്‍ 97070 രൂപ ആയി ഉയരും.

6.9 ഇഞ്ച് ഡിസ്പ്ലേയും 1 ടെറാബൈറ്റ് സ്റ്റോറേജുമുള്ള, നിലവില്‍ 1599 ഡോളറിന് (1,35,915 രൂപ) വില്‍ക്കുന്ന ഐഫോണ്‍ 16 പ്രോ മാക്സിന്‍റെ വില ഏകദേശം 2300 ഡോളര്‍ (195,500 രൂപ) ആയി ഉയരും. ആപ്പിള്‍ പ്രതിവര്‍ഷം 220 ദശലക്ഷത്തിലധികം ഐഫോണുകള്‍ വില്‍ക്കുന്നുണ്ട്. അതിന്‍റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് അമേരിക്ക.