ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതിയുമായി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ വിൻഡ് ഹൈബ്രിഡ് പദ്ധതിയുമായി അദാനി ഗ്രൂപ്പ്

March 5, 2025 0 By BizNews

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ-വിൻഡ് ഹൈബ്രിഡ് പദ്ധതിക്കായി ഗൗതം അദാനിയുടെ കമ്പനിക്ക് 8,700 കോടി രൂപയുടെ ധനസഹായം ലഭിച്ചു.

നേരത്തെ ഉണ്ടായിരുന്ന വായ്പ പുനക്രമീകരിക്കാനായി കമ്പനി തുക വിനിയോഗിക്കും. രാജസ്ഥാനിൽ ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ-വിൻഡ് ഹൈബ്രിഡ് ക്ലസ്റ്ററാണ് വികസിപ്പിക്കുന്നത്.

19 വർഷമാണ് ലോൺ തിരിച്ചടവ് കാലാവധി. ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ കമ്പനിയാണിപ്പോൾ അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. 2021-ൽ പ്രഖ്യാപിച്ച പദ്ധതിയോടനുബന്ധിച്ചുള്ള പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കാവശ്യമായ മൂലധനം കണ്ടെത്താൻ തുക സഹായകരമാകും.

നിലവിൽ കമ്പനിക്ക് 12.2 ജിഗാവാട്ടിൻ്റെ പുനരുപയോഗ ഊർജ്ജ ശേഷിയാണുള്ളത്. ഇത് ഇന്ത്യയിൽ ഈ രംഗത്തെ ഒരു കമ്പനിക്കുള്ള ഏറ്റവും ഉയർന്ന ഉൽപ്പാദന ശേഷിയാണ്. കമ്പനിയുടെ പദ്ധതികൾ 12 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു,.

2030 ഓടെ 50 ജിഗാവാട്ട് ഉൽപ്പാദനശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആഴ്ച, 12,000 മെഗാവാട്ട് പോർട്ട്‌ഫോളിയോ മറികടന്ന് കമ്പനി പുതിയ റെക്കോർഡ് നേടിയിരുന്നു.

റെക്കോഡ് നേട്ടം
ഗുജറാത്തിലെ ഖാവ്ഡയിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്ലാന്റിൽ 275 മെഗാവാട്ട് അധിക സൗരോർജ്ജ ശേഷി കമ്മീഷൻ ചെയ്തതോടെയാണ് അദാനി എനർജി ഈ നേട്ടം കൈവരിച്ചത്. ഈ ശ്രദ്ധേയമായ നാഴികക്കല്ല് താണ്ടുന്ന ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിലെ ആദ്യ കമ്പനിയാണിത്.

അദാനി ഗ്രീൻ എനർജിയുടെ മൊത്തം 12,258.1 മെഗാവാട്ട് പോർട്ട്‌ഫോളിയോയിൽ 8,347.5 മെഗാവാട്ട് ഇപ്പോൾ സൗരോർജ്ജമാണ്. 1,651 മെഗാവാട്ട് കാറ്റാടി ഊർജ്ജം, 2,259.6 മെഗാവാട്ട്. കാറ്റ്-സോളാർ ഹൈബ്രിഡ് എന്നിവ ഉൾപ്പെടുന്നു.

ഖാവ്ദ സൈറ്റിൽ മാത്രം അദാനി ഗ്രീൻ 2,824.1 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ രംഗത്ത് കമ്പനി റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

2019 നും 2024 നും ഇടയിൽ അദാനി ഗ്രൂപ്പ് 13.80 കോടി ഡോളർ സമാഹരിച്ചു, റിലയൻസ് ഇൻഡസ്ട്രീസിനുശേഷം ഒരു ഇന്ത്യൻ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ് എന്നിവ ചേർന്നാണ് ഈ പണം സമാഹരിച്ചത്.

അദാനി ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1250 കോടി ഡോളറിലധികം സമാഹരിക്കാൻ പദ്ധതിയിടുന്നതായി സൂചനയുണ്ട്. ഇത് കമ്പനിയുടെ മൂലധനച്ചെലവുകൾക്ക് പണം കണ്ടെത്താൻ സഹായകരമാകും. അഞ്ച് വർഷത്തേക്ക് ശരാശരി മൂലധനം ഒരു ലക്ഷം കോടി രൂപയിൽ കൂടുതലായിരിക്കും.