വീട് നിർമിക്കാൻ ലോൺ എടുക്കുകയാണോ? എങ്കിൽ മറക്കരുത് 30-30-3 എന്ന നിബന്ധന!

വീട് നിർമിക്കാൻ ലോൺ എടുക്കുകയാണോ? എങ്കിൽ മറക്കരുത് 30-30-3 എന്ന നിബന്ധന!

March 5, 2025 0 By BizNews

വീട് നിർമിക്കാൻ ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. പ്രതിമാസ തവണകളായി (ഇ.എം​.ഐ) ലോൺ അടച്ചുവീട്ടാമെന്ന സൗകര്യമാണ് ഹോം ലോണിലേക്ക് ആളുകളെ ആകർഷിക്കുന്നത്. വൻ തുക വീട്ടുവാടക നൽകുന്നതിന് പകരം ആ തുകയോടൊപ്പം അൽപം കൂടി ചേർത്ത് ഇ.എം​.ഐ അടച്ചാൽ ഒരു വീട് സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും ഹോം ലോൺ തിരഞ്ഞെടുക്കുന്നത്.

എന്നാൽ, മുൻകൂട്ടി തീരുമാനിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പലപ്പോഴും ലോണടവ് മുടങ്ങും, പലിശ കുമിഞ്ഞുകൂടും, കടം പെരുകും, ഒടുവിൽ ആറ്റുനോറ്റ് നിർമിച്ച വീടും സ്ഥലവും ബാങ്ക് ​കൊണ്ടുപോകും. അല്ലെങ്കിൽ തുച്ഛവിലക്ക് വിൽപന നടത്തി കടംവീട്ടി വാടകവീട്ടിൽ അഭയം തേടും. മികച്ച ശമ്പളവും വരുമാനവുമായി കഴിഞ്ഞിരുന്നവർ പോലും അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക ​ചിലവുകൾക്കുമുന്നിൽ ഇങ്ങനെ പതറിപ്പോകാറുണ്ട്. ഇത്തരം ഒരവസ്ഥ ഒരുപരിധി വരെ ഒഴിവാക്കാൻ സാമ്പത്തിക വിദഗ്ധർ നൽകുന്ന മുൻകരുതൽ നിർദേശമാണ് 30-30-3 എന്ന നിബന്ധന.

എന്താണ് 30-30-3?

1. പ്രതിമാസ അടവ് (ഇ.എം.ഐ) നിങ്ങളുടെ മാസ വരുമാനത്തിന്‍റെ 30 ശതമാനം മാത്രമായിരിക്കണം. അതായത്, 50,000 രൂപയാണ് നിങ്ങളുടെ മാസവരുമാനമെങ്കിൽ ഇ.എം.ഐ 15,000 രൂപയിൽ കൂടരുത്.

2. വാങ്ങുന്ന അല്ലെങ്കിൽ നിർമിക്കുന്ന വീടിന്‍റെ 30 ശതമാനം തുക ലോൺ അല്ലാതെ സ്വരൂപിക്കുക. അതായത് 18 ലക്ഷം രൂപയുടെ വീടാണ് നിർമിക്കുന്നതെങ്കിൽ ആ തുകയുടെ 30 ശതമാനമായ 5.40 ലക്ഷം രൂപ ലോൺ അല്ലാതെ സ്വരൂപിക്കണം.

3. മൊത്ത വാർഷിക വരുമാനത്തിന്‍റെ മൂന്നിരട്ടി വീടിനായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന് വാർഷിക വരുമാനം ആറു ലക്ഷം രൂപയാണെങ്കിൽ സ്വന്തമാക്കുന്ന വീടിന്‍റെ ബജറ്റ് 18 ലക്ഷത്തിൽ (ആറ് ലക്ഷം x 3 = 18ലക്ഷം) ഒതുങ്ങണം.

ഈ കാര്യങ്ങൾ പാലിച്ചാൽ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടാതെ തന്നെ വീട് സ്വന്തമാക്കാനും മറ്റ് ചെലവുകൾ വഹിക്കാനും കഴിയും. ഇതിനുപുറമേ, വീട്, ഗൃഹോപകരണ വായ്പ, സ്കൂൾ ഫീസ്, ഇൻഷുറൻസ് തുടങ്ങിയവ മൊത്തത്തിൽ ചേർന്നാൽ ഓരോരുത്തരുടെയും മാസശമ്പളത്തിന്‍റെ അല്ലെങ്കിൽ വരുമാനത്തിന്‍റെ പകുതിയിൽ കൂടുതൽ വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന നിർദേശം. വീട് വാങ്ങുകയോ പണിയുകയോ ചെയ്യുമ്പോൾ ആദ്യം കണക്കിലെടുക്കേണ്ടത് ഇക്കാര്യമാണ്. വീടിന്‍റെ ബാധ്യത സാമ്പത്തികമായി സ്വസ്ഥ ജീവിതം തകർക്കാതെ നോക്കണം.