കേരളത്തിലെ 37 മേല്‍പാലങ്ങളുടെ നിര്‍മാണച്ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കും

കേരളത്തിലെ 37 മേല്‍പാലങ്ങളുടെ നിര്‍മാണച്ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കും

April 2, 2025 0 By BizNews

ആലപ്പുഴ: സംസ്ഥാനത്തെ 37 മേല്‍പ്പാലങ്ങളുടെയും ഒരു അടിപ്പാതയുടെയും നിർമാണച്ചെലവ് പൂർണമായും റെയില്‍വേ വഹിക്കുന്നതിന് പ്രാഥമിക ധാരണയായി. ദക്ഷിണറെയില്‍വേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ധാരണ.

മുൻപ് 50 ശതമാനമേ റെയില്‍വേ വഹിച്ചിരുന്നുള്ളൂ. ബാക്കിത്തുക സംസ്ഥാനങ്ങളാണു ചെലവിട്ടിരുന്നത്. റെയില്‍വേ മന്ത്രാലയവും കേരള സർക്കാരും തമ്മിലുള്ള ധാരണാപത്രപ്രകാരം ഈ പദ്ധതികള്‍ കേരള റെയില്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡി(കെആർഡിസിഎല്‍)ന്റെ ഏകോപനത്തിലാകും നടപ്പാക്കുക.

മുൻപ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള(ആർബിഡിസികെ)യാണ് ഈ പ്രവൃത്തികള്‍ ചെയ്തിരുന്നത്. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ഈ നീക്കം സംസ്ഥാനത്തെ ഗതാഗത സംവിധാനത്തിന് ഗുണകരമാകുമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.

മേല്‍പ്പാലങ്ങളുടെ നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെക്കുന്നതിന്റെ ചുമതല സംസ്ഥാന സർക്കാരിനായിരിക്കും. റെയില്‍വേയുടെ ഭാഗത്തുള്ള നിർമാണ മേല്‍നോട്ട ചുമതല റെയില്‍വേ എൻജിനിയറിങ് വിഭാഗത്തിനാണ്.