
ആപ്പിളിന് ഫ്രാൻസിൽ 15 കോടി യൂറോ പിഴ
April 2, 2025 0 By BizNews
പാരീസ്: മൊബൈൽ ആപ്ലിക്കേഷൻ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് ആപ്പിളിന് 15 കോടി യൂറോ (1388 കോടിയോളം രൂപ) പിഴയിട്ട് ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി.
2021 ഏപ്രിലിനും 2023 ജൂലായ്ക്കുമിടയിലുള്ള കാലയളവിൽ ഐഒഎസ്, ഐപാഡ് ഉപകരണങ്ങളിലുപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകളുടെ വിതരണത്തിൽ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം.
അതേസമയം, ഉപയോക്താക്കൾക്ക് അവരുടെ ഡേറ്റാസ്വകാര്യത ഉറപ്പാക്കാനുള്ള ആപ്പിളിന്റെ ആപ്പ് ട്രാക്കിങ് ട്രാൻസ്പരൻസി (എടിടി) സംവിധാനത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു.
എന്നാൽ, ഈ സംവിധാനം ആപ്പിൾ നടപ്പാക്കിയ രീതിയിലാണ് പ്രശ്നമുള്ളതെന്നും അത് വ്യക്തിവിവരങ്ങൾ സംരക്ഷിക്കുമെന്ന ആപ്പിളിന്റെ പ്രഖ്യാപിതലക്ഷ്യത്തെ അത്ര തുണയ്ക്കുന്നില്ലെന്നും പറഞ്ഞു.
ആപ്പിൾ ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന തേഡ് പാർട്ടി ആപ്ലിക്കേഷനുകൾക്ക് ഡേറ്റാശേഖരണത്തിനായി ഉപയോക്താക്കൾ സമ്മതം നൽകുന്നതിനുള്ളതാണ് എടിടി.
അതേസമയം, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള കൂടുതൽ അധികാരം എടിടി നൽകുന്നുണ്ടെന്ന് ആപ്പിൾ പ്രതികരിച്ചു.