
സാങ്കേതിക തകരാറിനെ തുടർന്ന് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണം റദ്ദാക്കി
March 4, 2025 0 By BizNews
വാഷിങ്ടൺ: സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. വിക്ഷേപണത്തിന് 40 സെക്കൻഡ് മുമ്പാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം നിർത്തിയത്.
എന്ത് സാങ്കേതിക പ്രശ്നമാണുണ്ടായതെന്ന് സ്പേസ് എക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ വിക്ഷേപിച്ച സ്റ്റാർഷിപ്പിന്റെ ഏഴാം പരീക്ഷണം ബഹിരാകാശത്തുവച്ചു പൊട്ടിത്തെറിച്ചിരുന്നു.
ടെക്സസിൽ നിന്ന് നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്റ്റാർഷിപ്പ് വിക്ഷേപിക്കേണ്ടതായിരുന്നു, എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി.
പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചാൽ വൈകാതെ മറ്റൊരു വിക്ഷേപണം നടക്കുമെന്ന് സ്പേസ് എക്സ് സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടാണ് സ്റ്റാർഷിപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഭാവിയിലെ വൻ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ഇലോൺ മസ്‌കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് സ്‌പേസ് എക്‌സിന്റെ സുരക്ഷയും പാരിസ്ഥിതിക ആശങ്കകളും സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്‌എഎ) അമിതമായി പരിശോധന നടത്തുന്നുവെന്നു ഇലോൺ മസ്‌ക് നേരത്തെ ആരോപിച്ചിരുന്നു.