ലോകത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്ന് റിപ്പോർട്ട്

ലോകത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്ന് റിപ്പോർട്ട്

January 21, 2025 0 By BizNews

ദാവോസ്: ലോകത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണെന്ന് അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്ഫാം. 2024-ല്‍ ലോകത്തെ അതിസമ്പന്നരുടെ സമ്പത്ത് തൊട്ടുമുൻപത്തെ വർഷത്തെക്കാള്‍ മൂന്നിരട്ടിവേഗത്തില്‍ വളർന്നു.

രണ്ടുലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ഇതോടെ അവരുടെ പക്കലുള്ള സമ്ബാദ്യം 15 ലക്ഷംകോടി ഡോളറായി പെരുകി. അതേസമയം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (പ്രതിദിനം ആറര ഡോളർ (560 രൂപ) വരുമാനമുള്ളവർ) സമ്ബത്തില്‍ 1990 മുതല്‍ കാര്യമായ മാറ്റമുണ്ടായില്ല.

2024-ല്‍ ലോകത്തെ അതിസമ്ബന്നരായ പത്തുപേരുടെ സമ്ബത്ത് ഒരുദിവസം ശരാശരി 10 കോടി ഡോളറാണ് കൂടിയത്. പത്തുവർഷത്തിനുള്ളില്‍ ലക്ഷം കോടി ഡോളറിന്റെ ആസ്തിയുള്ള (ട്രില്യണയർ) അഞ്ചുപേരെങ്കിലുമുണ്ടാകുമെന്നാണ് ഓക്സ്ഫാമിന്റെ പ്രവചനം.

യൂറോപ്പിലെ അതിസമ്ബന്നരുടെ സമ്ബത്തിന്റെ വലിയഭാഗവും കോളനിവത്കരണത്തിലൂടെ ലഭിച്ചതും ദരിദ്രരാജ്യങ്ങളെ ചൂഷണംചെയ്തുണ്ടാക്കിയതുമാണ്. മുൻ കൊളോണിയല്‍ ശക്തികള്‍ ഭൂതകാലത്ത് ചെയ്ത ദോഷകരമായ പ്രവൃത്തികള്‍ നഷ്ടപരിഹാരം നല്‍കി പരിഹരിക്കണമെന്ന് സംഘടന നിർദേശിച്ചു.

ലോക സാമ്പത്തികഫോറത്തിന്റെ വാർഷിക ഉച്ചകോടിയുടെ ആദ്യദിനം പുറത്തുവിട്ട സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഓക്സ്ഫാമിന്റെ കണ്ടെത്തലുകളുള്ളത്.
ഇതിനുമുൻപ് അതിസമ്ബന്നരുടെ സമ്പത്തില്‍ റെക്കോഡ് വർധനയുണ്ടായത് 2021-ലാണ് (5.8 ശതമാനം).

മറ്റു കണ്ടെത്തലുകള്‍

ഒരാഴ്ച നാലെന്ന കണക്കില്‍, 2024-ല്‍ 204 സഹസ്രകോടീശ്വരർ (ബില്യണയർ) പുതുതായി ലോകത്തുണ്ടായി. അതില്‍ 41 പേർ ഏഷ്യയില്‍

2024-ല്‍ ഏഷ്യയിലെ അതിസമ്ബന്നരുടെ സമ്പത്തില്‍ 29,900 കോടി ഡോളറിന്റെ വർധന

  • അതിസമ്പന്നരുടെ പക്കലുള്ള 60 ശതമാനം സമ്പത്തും പാരമ്പര്യമായോ കുത്തകയിലൂടെയോ ചങ്ങാത്തമുതലാളിത്തത്തിലൂടെയോ നേടിയത് (പാരമ്പര്യം-36%, കുത്തക-18%, ചങ്ങാത്തമുതലാളിത്തം-16%)
  • അതിസമ്പന്നരുടെ എണ്ണം 2024 (2769) 2023 (2565)
  • മൊത്തം സമ്പത്തിന്റെ 69 ശതമാനം വികസിതരാജ്യങ്ങളില്‍. ശതകോടീശ്വരരില്‍ 68 ശതമാനവും ഈ രാജ്യങ്ങളില്‍
    ഇന്ത്യയില്‍നിന്ന് ബ്രിട്ടൻ കവർന്നതില്‍ പാതി 10 ശതമാനത്തിന്റെ കൈയില്‍
    ഇന്ത്യയെ കോളിനിയാക്കിവെച്ചിരുന്ന കാലത്ത് 1765-നും 1900-നുമിടയില്‍ ബ്രിട്ടൻ ഇവിടന്ന് 64.82 ലക്ഷം കോടി ഡോളറിന്റെ സമ്പത്ത് കവർന്നെന്ന് ഓക്സ്ഫാം. ഇതിന്റെ പാതി ബ്രിട്ടനിലെ അതിസമ്പന്നരില്‍ 10 ശതമാനത്തിന്റെ കൈയിലെന്നും ഓക്സ്ഫാമിന്റെ റിപ്പോർട്ട് പറയുന്നു.