ഇനി സ്വർണം കൊണ്ടുപോകാൻ ഇ-വേ ബിൽ നിർബന്ധം

ഇനി സ്വർണം കൊണ്ടുപോകാൻ ഇ-വേ ബിൽ നിർബന്ധം

January 20, 2025 0 By BizNews

തിരുവനന്തപുരം: സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ളവയുടെ ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

2025 മുതല്‍ 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളുടെയും രജിസ്ട്രേഷന്‍ ഉള്ള വ്യക്തി അല്ലെങ്കിൽ സ്ഥാപനം നടത്തുന്ന ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇ-വേ ബില്‍ ജനറേഷന്‍ പോര്‍ട്ടലിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റിവച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായും കമ്മീഷണര്‍ അറിയിച്ചു.

വിൽപനയ്ക്കായും എക്സിബിഷൻ, ഹാൾമാർക്കിംഗ്, ജോബ് വർക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ-വേ ബിൽ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ഇല്ലാത്തവരിൽ നിന്ന് സ്വർണവും വജ്രവും വാങ്ങുന്ന വ്യക്തിയോ സ്ഥാപനമോ ചരക്ക് നീക്കത്തിന് മുൻപായി ഇ-വേ ബില്ല് ജനറേറ്റ് ചെയ്തിരിക്കണം.