പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

January 21, 2025 0 By BizNews

കാലിഫോര്‍ണിയ: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ‘എഡിറ്റ്സ്’ എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം.

അമേരിക്കയില്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് നിരോധനം വരാനിടയുണ്ടായിരുന്ന സാഹചര്യം മുന്നില്‍ക്കണ്ടായിരുന്നു പുതിയ എഡിറ്റ്സ് ആപ്പ് ഇന്‍സ്റ്റഗ്രാം പ്രഖ്യാപിച്ചത്.

അടുത്ത മാസം വരെ എഡിറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാവില്ല. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ എഡിറ്റ്‌സ് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. എഡിറ്റ്സിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പണിപ്പുരയിലാണ്.

എഡിറ്റ്സിന്റെ ഇരു വേര്‍ഷനുകളും ഒരേസമയമാകുമോ ഇന്‍സ്റ്റ ഔദ്യോഗികമായി റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല. ‘ഇപ്പോള്‍ ഏറെ സംഭവങ്ങള്‍ ചുറ്റും നടക്കുന്നുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് ഗൗനിക്കുന്നില്ല, വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഏറ്റവും മികച്ച ടൂളുകള്‍ നല്‍കാനാണ് ശ്രമമെന്നും’ ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി എഡിറ്റ്‌സ് ആപ്പ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.

വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് ഫോണില്‍ ഏറ്റവും മികച്ച എഡിറ്റിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എഡിറ്റ്സ് എന്ന ആപ്പ്. വീഡിയോ പ്രൊഡക്ഷന് വേണ്ടിയുള്ള എല്ലാ ടൂളുകളും ഈ ആപ്ലിക്കേഷനിലുണ്ടാകും.

ആപ്പ് സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ട വിവരണ അനുസരിച്ച് എഡിറ്റ്‌സ് ഒരു സൗജന്യ ആപ്പായിരിക്കും.