കേരളത്തിൽനിന്ന് ഉൾപ്പെടെ ഇൻഡിഗോ വിമാന സർവീസ് വിപുലപ്പെടുത്തും
January 21, 2025 0 By BizNewsകോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഇൻഡിഗോ വിമാന സർവീസ് ശൃംഖല വിപുലപ്പെടുത്തുമെന്ന് കമ്പനി സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് പറഞ്ഞു.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളില്‍നിന്ന് ഇൻഡിഗോയ്ക്ക് ഇപ്പോള്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളുണ്ട്. അതിവേഗം വളരുന്ന വിമാനക്കമ്പനി എന്ന നിലയില്‍ സേവനം വിപുലപ്പെടുത്താൻ ഞങ്ങള്‍ നിർബന്ധിതരാണ്. ഇപ്പോള്‍ ശരാശരി 2,200-ലേറെ പ്രതിദിന ഫ്ലൈറ്റുകള്‍ ഞങ്ങള്‍ക്കുണ്ട്. അടുത്തമാസം അവസാനത്തോടെ പുതിയ പ്രോജക്ടുകള്‍ക്ക് അന്തിമരൂപമാവും.’
ഇൻഡിഗോയുടെ വിജയരഹസ്യമെന്താണ്?
മിതമായ നിരക്കില്‍ മെച്ചപ്പെട്ട സേവനം യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ രീതി. 2006 ഓഗസ്റ്റില്‍ സ്ഥാപനം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതില്‍ ശ്രദ്ധവെക്കുന്നു. ഈ സമീപനം ഞങ്ങളുടെ സ്വീകാര്യത നിരന്തരം വർധിപ്പിക്കുന്നു.
ഇന്ത്യയിലെ ഏറ്റവുംവലിയ എയർലൈൻസായിട്ടും ഞങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍നിന്ന് തെല്ലും പിന്നോട്ടുപോയിട്ടില്ല. ഞങ്ങളുടെ 10 കോടിയിലേറെ യാത്രക്കാർ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഗള്‍ഫ് നാടുകളിലേക്ക് കോഴിക്കോടുനിന്ന് കൂടുതല്‍ സർവീസുകളുണ്ടാവുമോ?
അതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഇവിടെനിന്ന് ഗള്‍ഫിലേക്ക് ധാരാളം യാത്രക്കാരുണ്ടെന്നതറിയാം.
സ്വാഭാവികമായും ഗള്‍ഫ് കണക്ടിവിറ്റി വർധിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ കോഴിക്കോടുനിന്ന് എട്ട് ആഭ്യന്തര സർവീസുകളും നാല് അന്താരാഷ്ട്ര ഫ്ളൈറ്റുകളും ഞങ്ങള്‍ക്കുണ്ട്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള കൂടുതല്‍ ഫ്ളൈറ്റുകള്‍ ആരംഭിക്കാനും ഉദ്ദേശ്യമുണ്ട്.
ഇൻഡിഗോയുടെ കേരളത്തിലെ വിപണിവിഹിതം എത്രയാണ്?
കേരളത്തിലെ മാത്രമായി അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. ഇന്ത്യയില്‍ 63.6 ശതമാനമാണ്. 90 സ്ഥലങ്ങളിലേക്ക് ആഭ്യന്തര ഫ്ളൈറ്റുകളും 38 കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര ഫ്ളൈറ്റുകളും. മൊത്തം 128.
ഇതില്‍ 20 എണ്ണം കഴിഞ്ഞ രണ്ടുവർഷത്തിനുള്ളില്‍ വർധിച്ചതാണ്. ഞങ്ങള്‍ ലോകത്തെ ഏറ്റവുംവലിയ ഏഴാമത്തെ വിമാനക്കമ്ബനിയാണ്. ലോകത്തെ വിദൂരവും വ്യത്യസ്തവുമായ സ്ഥലങ്ങളിലേക്ക് ഞങ്ങള്‍ സർവീസ് നടത്തുന്നു.
കോഴിക്കോട്ട് വിപുലമായ തോതില്‍ പൈതൃകനടത്തം സംഘടിപ്പിക്കാനുണ്ടായ സാഹചര്യം?
ചരിത്രപ്രാധാന്യമുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്.
ഷില്ലോങ്ങിലും പ്രയാഗ്രാജിലും ഭുവനേശ്വറിലും സംഘടിപ്പിച്ചിരുന്നു. നമ്മുടെ പൈതൃകത്തെക്കുറിച്ച് അവബോധവും മതിപ്പും വളർത്തുകയാണ് ലക്ഷ്യം. ഇനിയും പല നഗരങ്ങളിലും പൈതൃക നടത്തം സംഘടിപ്പിക്കും.
കോഴിക്കോട് സാഹിത്യനഗരമായതുകൊണ്ടും അതിപുരാതന കാലം മുതല്‍ രാജ്യാന്തര ബന്ധങ്ങളുള്ളതുകൊണ്ടുമാണ് ഇവിടം തിരഞ്ഞെടുത്തത്.