നാളികേരോൽപന്ന വിപണിയിൽ വൻ കുതിപ്പ് ; വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി

നാളികേരോൽപന്ന വിപണിയിൽ വൻ കുതിപ്പ് ; വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി

September 23, 2024 0 By BizNews

ഓണാഘോഷ വേളയിൽ ചൂടുപിടിക്കാൻ അമാന്തിച്ചുനിന്ന വെളിച്ചെണ്ണ ഉത്സവ ദിനങ്ങൾക്കുശേഷം മുന്നേറി. പിന്നിട്ടവാരം വെളിച്ചെണ്ണക്ക്‌ 1100 രൂപ വർധിച്ച്‌ ക്വിൻറലിന്‌ 18,300 രൂപയിലെത്തി. മാസാരംഭം മുതൽ എണ്ണ വില ഉയർത്താൻ മത്സരിച്ച വ്യവസായികൾ പക്ഷേ, ആ അവസരത്തിൽ കൊപ്ര ശേഖരിക്കാതെ രംഗത്തുനിന്ന്‌ മാറിയത്‌ നാളികേര കർഷകരെയും കൊപ്ര ഉൽപാദകരെയും സമ്മർദത്തിലാക്കിയിരുന്നു. പലരും താഴ്‌ന്ന വിലക്ക്‌ തേങ്ങയും കൊപ്രയും വിറ്റുമാറി.

ഓണം കഴിഞ്ഞ്‌ ചരക്ക്‌ സംഭരിക്കാനെത്തിയ വൻകിട മില്ലുകാരെ ഞെട്ടിച്ചുകൊണ്ട്‌ കടുത്ത ക്ഷാമത്തിൽ കൊപ്ര വിപണി അകപ്പെട്ടു. മുൻവാരം 10,500 രൂപയിൽ നിലകൊണ്ട കൊപ്ര ഇതിനകം 11,900 ലേക്ക്‌ ഉയർന്നു. കാങ്കയത്ത്‌ കൊപ്ര ക്ഷാമം രൂക്ഷമായത്‌ വൻകിട മില്ലുകളുടെ കണക്കുകൂട്ടൽ തെറ്റിച്ചു.

● ● ●

ഓണം കഴിഞ്ഞതോടെ, സംസ്ഥാനത്ത്‌ റബർ ടാപ്പിങ്‌ സജീവമായി. ഉൽപാദന മേഖലയിൽ നിന്ന് മാസാവസാനത്തോടെ ഉയർന്ന അളവിൽ ഷീറ്റും ലാറ്റക്‌സും വിൽപനക്ക്‌ ഇറങ്ങാം.വ്യവസായികൾ റബർ വില താഴ്‌ത്താനുമിടയുണ്ട്‌. ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ റബർ 23,200 രൂപയിലും ലാറ്റക്‌സ്‌ 13,200 രൂപയിലുമാണ്‌. മികച്ച കാലാവസ്ഥയിൽ ടാപ്പിങ് പരമാവധി മുന്നോട്ട്‌ കൊണ്ടുപോകാൻ കർഷകരും ഉണർന്ന്‌ പ്രവർത്തിക്കാം.

ഏഷ്യൻ, ആഗോള വിപണിയും ഉയർന്ന റേഞ്ചിലാണ്‌. റബർ അവധി നിരക്കുകളിലെ ഉണർവ്‌ കണ്ട്‌ ബാങ്കോക്കിലും റബർ വില വർധിച്ചത്‌ മലേഷ്യ, ഇന്തോനേഷ്യൻ മാർക്കറ്റുകളെയും സജീവമാക്കി.

● ● ●

കുരുമുളക്‌ വില വടക്കേ ഇന്ത്യൻ വ്യാപാരികൾ സംഘടിത നീക്കം നടത്തിയതു മൂലം പിന്നിട്ട വാരം ക്വിൻറലിന്‌ 900 രൂപ ഇടിഞ്ഞ​ു. മാസത്തിന്റെ ആദ്യ പകുതിയിൽ ഓണാവശ്യങ്ങൾക്കായി കർഷകർ ഉയർന്ന അളവിൽ കുരുമുളക്‌ വിറ്റഴിച്ചിരുന്നു. നാടൻ കുരുമുളകിന്‌ നിലനിൽക്കുന്ന ക്ഷാമം മൂലം ഓഫ്‌ സീസണിലെ വിലക്കയറ്റത്തിനിടയിലും ഉത്തരേന്ത്യക്കാർ തിരക്കിട്ട ചരക്ക്‌ സംഭരിച്ചു. നവരാത്രി, ദീപാവലി ഡിമാൻഡിൽ നിരക്ക്‌ ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ്‌ കാർഷിക മേഖല.

അന്തർസംസ്ഥാന വ്യാപാരികൾക്ക്‌ ഹൈറേഞ്ച്‌ മുളക്‌ ആവശ്യമുണ്ടെന്നാണ്‌ വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. അതുകൊണ്ട് ക്രിസ്‌മസ്‌ വരെയുള്ള കാലയളവിൽ നല്ല വില പ്രതീക്ഷിക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 65,200 രൂപയിലും ഗാർബിൾഡ്‌ 67,200 രൂപയിലുമാണ്‌. ശൈത്യം ശക്തിപ്രാപിച്ചാൽ സ്‌റ്റോക്കിന് മുകളിൽ പൂപ്പൽ ബാധിക്കാനുള്ള സാധ്യത ഇറക്കുമതിക്കാരെ സമ്മർദത്തിലാക്കും.

● ● ●

ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ മൂപ്പെത്തിയ പുതിയ കായ വിളവെടുക്കുന്ന തിരക്കിലാണ്‌ കർഷകർ. ആദ്യഘട്ട വിളവെടുപ്പ്‌ നടന്ന ഉടുംബൻചോല, തങ്കമണി, തോപ്രാംകുടി, ശാന്തൻപാറ മേഖലയിൽ ഉൽപാദനം കർഷകരുടെ പ്രതീക്ഷക്കൊത്ത്‌ ഉയർന്നില്ലെന്ന വിവരം വാരാവസാനം വാങ്ങൽ താൽപര്യം ശക്തമാക്കി. കഴിഞ്ഞ വർഷം ജൂൺ- ആഗസ്‌റ്റ്‌ കാലയളവിൽ നിത്യേന പത്ത്‌ ടണ്ണിലധികം ഏലക്ക വിൽപനക്കെത്തിയ സ്ഥാനത്ത്‌ ഇക്കുറി വരവ്‌ പകുതിയിലും കുറവാണ്‌. കാലാവസ്ഥ വ്യതിയാനം മൂലം സീസൺ ആരംഭിക്കാൻ വൈകിയതും ഉൽപാദനത്തെ ബാധിച്ചു. ആദ്യ റൗണ്ട്‌ വിളവെടുപ്പിലെ അവസ്ഥയാണിത്‌. വർഷാവസാനം വരെയുള്ള ഉൽപാദനത്തിൽ ഇടിവിന്‌ സാധ്യതയുണ്ട്. പകൽ താപനില പതിവിലും ഉയർന്നത്‌ അടുത്ത റൗണ്ട്‌ വിളവെടുപ്പിന്‌ കാലതാമസം സൃഷ്‌ടിക്കാം. രാത്രിയിലും ഉയർന്ന ചൂട്‌ നിൽക്കുന്നത്‌ ഏലച്ചെടികളുടെ ആരോഗ്യത്തെ ബാധിക്കും.