മനം നിറച്ച് ബാണാസുര സാഗര്‍ അണക്കെട്ട്
September 17, 2018മനസും ശരീരവും കുളിര്‍പ്പിച്ചൊരു വയനാടന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടയൊരിടമാണ് ബാണാസുര സാഗര്‍ അണക്കെട്ട്. വെറുമൊരു കൗതുകം എന്നതിലുപരി കാഴ്ചയുടെ വലിയൊരു ചരിത്രം കൂടി ഈ അണക്കെട്ടിന് നിങ്ങളോട് പറയാനുണ്ടാകും. മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്. ബാണാസുര സാഗറിലേക്ക് എത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതും ഇവിടത്തെ ട്രക്കിംഗ് തന്നെയാണ്. കബനി നദിയുടെ പോഷകനദിയായ കരമനത്തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗര്‍ അണക്കെട്ട്. 1979ലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചത്. കക്കയം ജല വൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കേരളത്തിലെ വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ പടിഞ്ഞാറേത്തറ എന്ന ഗ്രാമത്തിലാണ് ഈ അണക്കെട്ട്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണിത്. ഇതിനടുത്തുള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതു കൂടി ലക്ഷ്യമാക്കിയാണ് വിനോദ സഞ്ചാരികള്‍ ഇവിടേക്ക് യാത്ര തിരിക്കുന്നത്. അണക്കെട്ട്പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയില്‍ ആഴ്ത്തിയപ്പോള്‍ ഈ പ്രദേശത്ത് ഏതാനും ദ്വീപുകള്‍ രൂപപ്പെട്ടു. ബാണാസുരസാഗര്‍ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകള്‍ പ്രകൃതിരമണീയമാണ്. ഒന്നും രണ്ടുമല്ല ഏകദേശം 28 ദ്വീപുകളാണ് ഇവിടുള്ളത്. അത് വിനോദസഞ്ചാരികളെ കാട്ടാനായി നിരവധി സ്പീഡ് ബോട്ടുകളും സമീപത്ത് കാത്ത് കിടപ്പുണ്ട്.ബാണാസുര സാഗറിലേക്ക് എത്തിച്ചേരാന്‍ വയനാട്, കല്‍പ്പറ്റയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമാണ ഉള്ളത്.