അറുപതിൻ്റെ നിറവിൽ എച്ച്എൽഎൽ; 2030ൽ 10000 കോടി രൂപ വിറ്റുവരവ് ലക്ഷ്യം

അറുപതിൻ്റെ നിറവിൽ എച്ച്എൽഎൽ; 2030ൽ 10000 കോടി രൂപ വിറ്റുവരവ് ലക്ഷ്യം

April 8, 2025 0 By BizNews

ഴുപതിൽപരം മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാതാക്കളായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിന് വജ്രജൂബിലി.

ഗർഭനിരോധന ഉറകളുടെ നിർമ്മാണവുമായി 1966ൽ തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച കമ്പനി ഇന്ന് ഉത്പന്ന വൈവിധ്യം കൊണ്ടും വളർച്ച കൊണ്ടും രാജ്യത്ത് ശ്രദ്ധേയമായ സ്ഥാപനമാണ്.

2030ൽ പതിനായിരം കോടി രൂപ വിറ്റുവരവുള്ള നവരത്ന കമ്പനിയാവുകയെന്ന ലക്ഷ്യത്തിലേക്കാണ് എച്ച്എൽഎൽ മുന്നേറുന്നത്.

2000ത്തിന്റെ തുടക്കത്തോടെയാണ് കമ്പനി ആരോഗ്യ മേഖലയിൽ സജീവമായത്. എച്ച്എൽഎൽ-ൻ്റെ ‘മൂഡ്‌സ്’ ഗർഭനിരോധന ഉറകൾ ഇന്ന് 80ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

ഗർഭനിരോധന ഗുളികയായ സഹേലി, ബ്ലഡ് ബാഗുകൾ, കോപ്പർ ടി, സ്യൂച്ചർ, മെൻസ്ട്രുവൽ കപ്പുകൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്ന നിരയാണ് കമ്പനിയുടേത്. ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയവ ആവശ്യാനുസരണം തിരഞ്ഞെടുക്കാനാകുന്ന ഓട്ടമേറ്റഡ് വെൻഡിങ് മെഷീനായ ‘വെൻഡിഗോ’ മറ്റൊരു ശ്രദ്ധേയ ഉത്പന്നമാണ്.

ഡയഗ്നോസ്റ്റിക് ഇമേജിങ് സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുന്ന ‘ഹിന്ദ് ലാബ്സ്’ ശൃംഖലയാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൻ്റെ ഏറ്റവും പുതിയ സംരംഭം. രാജ്യത്തുടനീളം 221 കേന്ദ്രങ്ങളിലാണു ഹിന്ദ്‌ലാബ്സ് ഉള്ളത്.

ഡയഗ്‌നോസ്റ്റിക് സെന്റര്‍ സേവനങ്ങള്‍ വിപുലീകരിക്കുകയും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി എന്നിവയുള്‍പ്പെടെ പ്രധാന പരിശോധനകള്‍ ലഭ്യമായ ഈ ലാബുകൾ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്.

കോവിഡ് കാലത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിച്ച എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3 കോടി എൻ95 മാസ്‌ക്കുകളും 55000 ത്തിലധികം വെന്റിലേറ്ററുകളുമാണ് വിതരണം ചെയ്തത്.