ഡീപ്പ് സീക്കിനെ നേരിടാനൊരുങ്ങി മെറ്റയുടെ ലാമ 4 സീരീസ്

ഡീപ്പ് സീക്കിനെ നേരിടാനൊരുങ്ങി മെറ്റയുടെ ലാമ 4 സീരീസ്

April 8, 2025 0 By BizNews

പുതിയ എഐ മോഡലുകളുമായി ലാമ 4 പുറത്തിറക്കി മെറ്റ. ലാമ സ്‌കൗട്ട്, ലാമ 4 മാവെറിക്, ലാമ 4 ബെഹമോത്ത് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോഡലുകള്‍ അടങ്ങിയതാണ് ലാമ 4 സീരീസ്.

ചൈനീസ് കമ്പനിയായ ഡീപ്സീക്കിന്റെ എഐ മോഡലുകളെ നേരിടാന്‍ വേണ്ടിയാണ് മെറ്റ ഈ പുതിയ എഐ സീരീസ് അവതരിപ്പിച്ചതെന്നാണ് വിവരം. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആര്‍1, വി3 എന്നീ എഐ മോഡലുകള്‍ ഡീപ്സീക്ക് അവതരിപ്പിച്ചിരുന്നു.

വന്‍ നിക്ഷേപം നടത്തി എഐ മോഡലുകള്‍ വികസിപ്പിച്ച ഓപ്പണ്‍ എഐ, മെറ്റ, ഗൂഗിള്‍ എന്നിവരെ വെല്ലുവിളിച്ചാണ് ഡീപ്സീക്കിന്റെ വരവ്. മെറ്റയുടെ നിലവിലെ എഐ മോഡലുകളെ മറികടക്കുന്നവയാണ് ഡീപ്സീക്കിന്റെ മോഡലുകള്‍ എന്നാണ് പറയപ്പെടുന്നത്.

ഈ സാഹചര്യത്തില്‍, ശക്തമായ എഐ മോഡലുകള്‍ അവതരിപ്പിക്കാന്‍ മെറ്റ അടിയന്തര പ്രാധാന്യത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു എന്നാണ് വിവരം.

പുതിയ ലാമ 4 സീരീസില്‍ സ്‌കൗട്ടും മാവെറിക്കും മാത്രമാണ് മെറ്റ ഇതുവരെ പുറത്തിറക്കിയിട്ടുള്ളത്. ഹഗ്ഗിങ് ഫേസ് പോലുള്ള മെറ്റയുടെ പങ്കാളി പ്ലാറ്റ്ഫോമുകളിലും ഇവ ലഭ്യമാണ്.

എന്നാല്‍, ലാമ 4 ബെഹമോത്ത് മോഡല്‍ ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണ്. 40 രാജ്യങ്ങളില്‍ ലഭ്യമായ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയുള്‍പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ ലാമ 4 ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മള്‍ട്ടി-മോഡല്‍ ഫീച്ചറുകള്‍ നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ അമേരിക്കയിൽ മാത്രമാണ് ലഭ്യമാകുന്നത്.