വന്ദേഭാരത് മെട്രോ ട്രെയിന്‍ ട്രയല്‍ റണ്‍ വിജയം; കേരളത്തിന് 10 സര്‍വീസുകള്‍ ലഭിച്ചേക്കും
August 7, 2024 0 By BizNewsമെമു ട്രെയിനുകള്‍ക്ക് പകരം കൊണ്ടുവരാനൊരുങ്ങുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ ആദ്യത്തെ പരീക്ഷണ ഓട്ടം വിജയകരം. ചെന്നൈ ബീച്ച്-കാട്ട്പാടി റൂട്ടിലാണ് വന്ദേഭാരത് മെട്രോയുടെ പരീക്ഷണ ഓട്ടം നടന്നത്.
പേരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിര്‍മിച്ച ട്രെയിനിന് 130 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട്.
പൂര്‍ണമായി ശീതീകരിച്ച വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ കോച്ചുകളില്‍ 100 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. 200 യാത്രക്കാര്‍ക്ക് കോച്ചുകളില്‍ നിന്ന് യാത്ര ചെയ്യാനും സാധിക്കും. ഓട്ടോമാറ്റിക് ഡോറുകളും ആധുനിക ടോയ്ലറ്റുകളും ട്രെയിനില്‍ ഒരുക്കിയിരിക്കുന്നു.
200-250 കിലോമീറ്റര്‍ അകലെയുള്ള നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ ഉപയോഗിക്കുക. മുംബൈയിലായിരിക്കും വന്ദേ മെട്രോയുടെ ആദ്യ സര്‍വീസ് ആരംഭിക്കുക.
കേരളത്തിന് വന്ദേ മെട്രോയുടെ 10 സര്‍വീസുകള്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-മംഗലാപുരം, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂര്‍, ഗുരുവായൂര്‍-മധുര, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗലാപുരം-കോഴിക്കോട്, നിലമ്പൂര്‍-മേട്ടുപ്പാളയം എന്നിവയാണ് കേരളത്തിനായി പരിഗണിക്കുന്ന റൂട്ടുകള്‍.