ഏലം വില 3000 കടന്നതോടെ കർഷകർ പ്രതീക്ഷയിൽ
November 21, 2024 0 By BizNewsകട്ടപ്പന: സുഗന്ധറാണിയുടെ വില കിലോക്ക് 3000 കടന്നതോടെ ഏലം കർഷകർ പ്രതീക്ഷയിൽ. കൂടിയ വില 3183 രൂപയും ശരാശരി വില 2795.65 രൂപയുമായി. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റവന്യൂ വരുമാനം നൽകുന്ന ഏലക്കയുടെ കൂടിയ വില മൂന്നുവർഷത്തിനിടെയാണ് കിലോക്ക് 3000ത്തിനുമേൽ ഉയരുന്നത്.
എന്നാൽ, വില ഉയർച്ചയുടെ ഗുണം വ്യാപാരികൾക്കാകും പ്രധാനമായും ലഭിക്കുക. കർഷകരുടെ പക്കലുള്ള സ്റ്റോക്ക് മിക്കവാറും നേരത്തേ വിറ്റഴിച്ചതാണ് കാരണം. ഏലത്തിന്റെ ഉൽപാദന സീസൺ കഴിയാറായതും പ്രശ്നമാണ്.
പുറ്റടി സ്പൈസസ് പാർക്കിൽ ചൊവ്വാഴ്ച നടന്ന ഐ.എം.സി.പി.സി കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ആകെ 53754.6 കിലോ ഏലക്ക ലേലത്തിനു പതിച്ചതിൽ 53,196 കിലോ വിറ്റുപോയപ്പോൾ കൂടിയ വില കിലോക്ക് 3183 രൂപയും ശരാശരി വില 2795.65 രൂപയും ലഭിച്ചു.
ഒരുമാസമായി ഏലം വിലയിൽ ഉയർച്ചയുടെ സൂചനകൾ കണ്ടുതുടങ്ങിയിട്ട്. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാൽ അടുത്ത ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
തിങ്കളാഴ്ച നടന്ന കൊക്കോ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ വിൽപനക്കായി കർഷകർ പതിച്ച 16,020 കിലോയിൽ 15601.2 കിലോ വിറ്റുപോയപ്പോൾ കൂടിയ വില 3319 രൂപയും ശരാശരി വില 2935.4 രൂപയും ലഭിച്ചിരുന്നു.
അതോടെ കട്ടപ്പന, നെടുങ്കണ്ടം, ശാന്തൻപാറ, അടിമാലി കുമളി ലോക്കൽ മാർക്കറ്റിലും ഏലത്തിന്റെ കൈവില ഉയർന്നു. ശരാശരി വില കിലോക്ക് 2700 മുതൽ 3000 രൂപ വരെയായി. നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലക്ക കിലോക്ക് 3300 രൂപക്ക് വരെ വാങ്ങാൻ കച്ചവടക്കാർ തയാറാണ്.
2017ൽ 5000 മെട്രിക് ടണ്ണിന് മുകളിലായിരുന്നു ഏലത്തിന്റെ കയറ്റുമതി. 2020ൽ ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി. 2021ലും കയറ്റുമതി 1500 മെട്രിക് ടണ്ണിൽ താഴെയായിരുന്നു. എന്നാൽ, ഈവർഷം കയറ്റുമതി മെച്ചപ്പെട്ടിട്ടുണ്ട്.
രണ്ടാഴ്ചയായി ഹൈറേഞ്ചിൽ ഇടവിട്ട് നല്ല മഴ ലഭിക്കുന്നതുഏലം കൃഷിക്ക് അനുകൂലമാണ്. ഇപ്പോഴുള്ള വിലവർധന തുടരുകയും അടുത്ത ഉൽപാദന സീസണിൽ കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഏലം കർഷകർ.