ധനനയ രൂപീകരണത്തിൽ റിസർവ് ബാങ്കിന് വെല്ലുവിളിയേറുന്നു
November 21, 2024 0 By BizNewsകൊച്ചി: ചില്ലറ, മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അസാധാരണമായി ഉയരുന്നതിനൊപ്പം സാമ്പത്തിക മേഖലയിൽ തളർച്ച രൂക്ഷമാകുന്നതിനാൽ ധനനയ രൂപീകരണത്തിൽ റിസർവ് ബാങ്കിന് വെല്ലുവിളിയേറുന്നു.
ഡിസംബർ ആദ്യ വാരം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ അര ശതമാനം വരെ കുറയ്ക്കാൻ വ്യവസായ മേഖലയ്ക്കൊപ്പം രാഷ്ട്രീയ നേതൃത്വവും സമ്മർദ്ദം ശക്തമാക്കുകയാണ്.
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കോർപ്പറേറ്റുകളിൽ ഭൂരിഭാഗത്തിനും ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ച വളർച്ച നേടാത്തതിനാൽ വിപണി കടുത്ത തളർച്ചയിലേക്ക് നീങ്ങുകയാണെന്ന ആശങ്കകൾ ശക്തമാണ്.
ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിൻമാറ്റവും അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവും കണക്കിലെടുത്ത് അടിയന്തര തിരുത്തൽ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്.
പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകണമെന്നും നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് പലിശ നിശ്ചയിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തണമെന്നും മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ബാങ്കുകൾ പലിശ കുറയ്ക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനും പരസ്യമായി പറഞ്ഞിരുന്നു.
പലിശ കുറയ്ക്കാൻ സമ്മർദ്ദം
സാമ്പത്തിക മേഖലയിലെ ഉണർവിന് വായ്പകളുടെ ഉയർന്ന പലിശ വലിയ വെല്ലുവിളിയാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഇതേത്തുടർന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയലും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും പലിശ നിരക്ക് കുറയ്ക്കണമെന്ന അഭിപ്രായം പരസ്യമായി പങ്കുവച്ചിരുന്നു.
റിസർവ് ബാങ്കിനെ നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും ഉയർന്ന പലിശ നിരക്കിലുള്ള അതൃപ്തിയാണ് നിർമല സീതാരാമന്റെ പ്രസ്താവനയിലുള്ളതെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവയോട് നേരിട്ട് പ്രതികരിക്കാൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തയ്യാറായില്ലെങ്കിലും നാണയപ്പെരുപ്പ ഭീഷണി അവഗണിക്കാനാകില്ലെന്ന സൂചനയാണ് നൽകിയത്.
കുറയാനുള്ള സാധ്യത
- റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി കഴിയാൻ മൂന്ന് ആഴ്ച മാത്രം ശേഷിക്കുമ്പോൾ ധന, വാണിജ്യ മന്ത്രിമാരുടെ അഭിപ്രായങ്ങൾ അവഗണിക്കാൻ അദ്ദേഹത്തിന് കഴിയില്ല.
- ശക്തികാന്ത ദാസിന്റെ കാലാവധി ഒരു വട്ടം കൂടി നീട്ടിനൽകുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ ഡിസംബറിലെ ധന നയത്തിൽ പലിശ നിരക്കിൽ അര ശതമാനംകുറവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
എതിർത്ത് വിദഗ്ദ്ധർ
- നാണയപ്പെരുപ്പം 14 മാസത്തെ ഉയർന്ന നിരക്കായ 6.21 ശതമാനത്തിലെത്തിയതിനാൽ തിരക്കിട്ട് പലിശ കുറച്ചാൽ സാഹചര്യം വഷളാകുമെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
- കാലാവസ്ഥാ വ്യതിയാനം മൂലം വിളനാശം രൂക്ഷമായതിനാൽ ഭക്ഷ്യ വിലക്കയറ്റം ഇനിയും മുകളിലേക്ക് നീങ്ങാൻ കാരണമാകും.