സെര്‍ച്ച് എഞ്ചിൻ കുത്തകയ്ക്കായി ഗൂഗിള്‍ നിയമവിരുദ്ധമായി പണം ചെലവാക്കിയെന്ന് യുഎസ് കോടതി

സെര്‍ച്ച് എഞ്ചിൻ കുത്തകയ്ക്കായി ഗൂഗിള്‍ നിയമവിരുദ്ധമായി പണം ചെലവാക്കിയെന്ന് യുഎസ് കോടതി

August 7, 2024 0 By BizNews

ഗൂഗിൾ സെർച്ച് എഞ്ചിന്റെ കുത്തക നിലനിർത്തുന്നതിനായി ഗൂഗിൾ നിയമവിരുദ്ധമായി കോടിക്കണക്കിന് ഡോളർ ചെലവാക്കിയെന്ന് യുഎസ് കോടതി. ഇതുവഴി കമ്പനി യുഎസിലെ ആന്റി ട്രസ്റ്റ് നിയമം ലഘിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗൂഗിളിന്റെ വിപണിയിലെ മേധാവിത്വത്തിനെതിരെ നടപടി സ്വീകരിച്ച സർക്കാർ ഏജൻസികൾക്ക് അനുകൂലമായാണ് കോടതി വിധി.

ഗൂഗിൾ ഒരു കുത്തക സ്ഥാപനമാണെന്നും അത് നിലനിർത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും ഡിസ്ട്രിക് ജഡ്ജി അമിത് മേത്ത 277 പേജുള്ള വിധി പകർപ്പിൽ പറഞ്ഞു. സെർച്ച് വിപണിയിലെ മേധാവിത്വം തന്നെ ഗൂഗിളിന്റെ കുത്തകകയുടെ തെളിവാണ്.

പൊതുവായ സെർച്ച് സേവനങ്ങളിൽ 89.2 ശതമാനം വിപണി വിഹിതവും ഗൂഗിളിനാണ്. മൊബൈൽ ഫോണുകളിൽ ഇത് 94.9 ശതമാനമാണെന്നും കോടതി വിധിയിൽ പറയുന്നു.

പുതിയ മൊബൈൽ ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ഗൂഗിൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് വൻ തുക ഗൂഗിൾ മുടക്കിയെന്ന് ജഡ്ജി ചൂണ്ടിക്കാട്ടുന്നു.

2021ൽ മാത്രം 2600 കോടി ഡോളർ (2.18 ലക്ഷം കോടി രൂപ) ഗൂഗിൾ ചെലവാക്കിയിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു.

അമേരിക്കൻ ജനതയുടെ ചരിത്ര വിജയമാണിതെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലണ്ട് പറഞ്ഞു. ഒരു കമ്പനിയും, അത് എത്ര വലുതാണെങ്കിലും, സ്വാധീനമുണ്ടെങ്കിലും, നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപഭോക്താക്കൾക്കിടയിലുള്ള പ്രശസ്തിയാണ് ഓൺലൈനിൽ കാര്യങ്ങൾ തിരയുന്നതിനുള്ള പര്യായമായി ഗൂഗിൾ സെർച്ച് മാറുന്നതിന് കാരണമായതെന്നുമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ നിലപാട്.

ദിവസേന 850 കോടി കാര്യങ്ങൾ ആളുകൾ ഗൂഗിൾ സെർച്ചിൽ തിരയുന്നുണ്ട്. 12 വർഷങ്ങൾക്ക് മുമ്പുള്ളതിന്റെ ഇരട്ടിയാണിതെന്ന് നിക്ഷേപ സ്ഥാപനമായ ബോണ്ടിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ടിൽ പറയുന്നു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ, ആമസോൺ, ആപ്പിൾ എന്നീ കമ്പനികൾക്കെതിരെയും സമാനമായ കേസുകൾ നിലവിലുണ്ട്.

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലത്താണ് ഗൂഗിളിനെതിരെ യുഎസ് കേസ് നൽകിയത്. കോടതി വിധി വന്നതോടെ ഗൂഗിളിന്റെ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടി വരും.

പ്രത്യേകിച്ചും ഗൂഗിൾ കുത്തക കയ്യാളുന്ന ഓൺലൈൻ പരസ്യവിപണിയിൽ വലിയ മാറ്റങ്ങളുണ്ടാവും. എന്തായാലും ഗൂഗിൾ ഇതിൽ അപ്പീൽ പോകാനാണ് സാധ്യത.