കരുതലായി കല്യാണ്‍ ജൂവലേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ

കരുതലായി കല്യാണ്‍ ജൂവലേഴ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ

August 1, 2024 0 By BizNews

തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ  ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള ഒരു കമ്പനി എന്ന നിലയിൽഅപ്രതീക്ഷിതമായുണ്ടായ ഈ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിങ് ഡയറക്‌ടർ  ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വയനാട്ടിൽ നാശം വിതയ്ക്കുകയും നിരവധി ജീവനുകൾ അപഹരിക്കുകയും  കുടുംബങ്ങളുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുകയും ചെയ്തു ഈ ദുരന്തം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ ചിന്തകളും പ്രാർത്ഥനകളും ദുരിതബാധിതർക്കൊപ്പമാണെന്നും തുടർന്നും അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രകൃതിദുരന്തത്തിൽ ജീവനും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. 180 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കാണാതാവുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്. ആവശ്യമുള്ളവരെ സഹായിക്കാന്‍ ഒന്നിലധികം ഏജൻസികള്‍ അക്ഷീണം പ്രവർത്തിക്കുന്നു. സമൂഹത്തിന് തിരികെ നൽകുന്ന ദീർഘകാല പാരമ്പര്യമുള്ള കല്യാൺ ജൂവലേഴ്‌സിന്‍റെ ഈ സംഭാവന സംസ്ഥാനത്തെ ദുരന്ത നിവാരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എളിയ ശ്രമമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് കല്യാൺ ജൂവലേഴ്‌സ് ടീം അഗാധമായ അനുശോചനം അറിയിക്കുന്നു. ദുരന്തത്തിന്‍റെ ആഘാതം ലഘൂകരിക്കുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനുമായി അക്ഷീണം പ്രയത്നിക്കുന്ന സർക്കാർ സംവിധാനങ്ങള്‍സന്നദ്ധപ്രവർത്തകർ എന്നിവരോടും നന്ദി അറിയിക്കുന്നു. ഈ ശ്രമങ്ങളെ പിന്തുണയ്ക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്.  ഈ പ്രയാസകരമായ കാലയളവിൽ വയനാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.