പ്രതീക്ഷിച്ച വരുമാനമില്ല; 17,500 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഇന്റൽ
August 2, 2024വാഷിങ്ടൺ: പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനെ തുടർന്ന് കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്റൽ. 17,500 ജീവനക്കാരെയാണ് കമ്പനി ഒഴിവാക്കുക.
സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ പ്രതീക്ഷിച്ച വരുമാനം ഉണ്ടാവില്ലെന്നാണ് ഇന്റലിന്റെ വിലയിരുത്തൽ. ഇതുകൂടി പരിഗണിച്ചാണ് കമ്പനി കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നത്. മറ്റ് ചിപ് നിർമാതാക്കൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചിപ്പുകളുമായി മുന്നോട്ട് പോവുമ്പോഴും ഈ രീതിയിൽ വലിയ പുരോഗതി ഉണ്ടാക്കാൻ സാധിക്കാത്തത് ഇന്റലിന് തിരിച്ചടിയാവുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്.
ഓഹരി വിപണിയിലും കഴിഞ്ഞ ദിവസം ഇന്റലിന് തിരിച്ചടിയേറ്റു. കമ്പനി ഓഹരികൾ 20 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. വിപണിമൂല്യത്തിൽ 24 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. വ്യാഴാഴ്ച ഏഴ് ശതമാനം നഷ്ടത്തോടെയാണ് ഇന്റൽ വ്യപാരം അവസാനിപ്പിച്ചത്.
ഇന്റലിന്റെ എതിരാളികളായ നിവിദിയ, എ.എം.ഡി തുടങ്ങിയവരെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചിപ്പുകൾ നിർമിച്ച് എ.ഐയിൽ നിന്നും നേട്ടംകൊയ്യാനുള്ള ശ്രമത്തിലാണ്. എന്നാൽ, ഈ രീതിയിൽ നേട്ടമുണ്ടാക്കാൻ ഇന്റലിന് ഇതുവരെ സാധിച്ചിട്ടില്ല.
കമ്പനിയുടെ ആസ്ഥാനത്ത് കുറച്ച് ജീവനക്കാർ മാത്രം മതി. എന്നാൽ, ഉപഭോക്താക്കളെ പിന്തുണക്കാൻ ഫീൽഡിൽ കൂടുതൽ ജീവനക്കാർ വേണമെന്ന് ഇന്റൽ സി.ഇ.ഒ പാറ്റ് ഗ്ലെൻസിങ് പറഞ്ഞു. ഏറ്റവും മികച്ച ലാഭവിഹിതം ഓഹരി ഉടമകൾക്ക് നൽകാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. എന്നാൽ, ഇപ്പോൾ ശ്രദ്ധ ബാലൻസ്ഷീറ്റിലാണെന്നും ഇന്റൽ കൂട്ടിച്ചേർത്തു.