
ചൈനക്ക് 145 ശതമാനം തീരുവ; ലോകം സാമ്പത്തികമാന്ദ്യ ഭീതിയിൽ, തകർന്ന് യു.എസ് ഏഷ്യൻ വിപണികൾ
April 11, 2025വാഷിങ്ടൺ: ചൈനക്കുമേൽ ചുമത്തുന്ന അധിക തീരുവയിൽ യു.എസ് വീണ്ടും വർധന വരുത്തിയതോടെ ലോകം സാമ്പത്തികമാന്ദ്യത്തിന്റെ ഭീതിയിൽ. കഴിഞ്ഞ ദിവസം അധിക തീരുവ ഏർപ്പെടുത്തിയതോടെ ചൈനയിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടേയും നികുതി 145 ശതമാനമായി ഉയർന്നു.
ബുധനാഴ്ച ചൈനക്കുമേൽ യു.എസ് 125 ശതമാനം നികുതി ചുമത്തിയിരുന്നു. പിന്നീട് വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു. നേരത്തെ ചുമത്തിയ 20 ശതമാനത്തിന് പുറമേയാണ് 125 ശതമാനം നികുതി ചുമത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.
ചൈനയുമായുള്ള വ്യാപാര യുദ്ധം യു.എസ് വിപണികളുടെ കഴിഞ്ഞ ദിവസത്തെ നേട്ടം ഇല്ലാതാക്കി. എസ്&പി 500 3.5 ശതമാനവും ഡൗ ജോൺസ് 2.5 ശതമാനവും നാസ്ഡാക് 4.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഏഷ്യൻ ഓഹരി വിപണികളും തകർച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്.
ജപ്പാൻ സൂചികയായ നിക്കിയിൽ 4.5 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ദക്ഷിണകൊറിയയുടെ കൊസാപി സൂചികയിൽ 1.7 ശതമാനവും ഹോങ്കോങ്ങിന്റെ ഹാങ് സെങ്ങിൽ 0.7 ശതമാനവും ആസ്ട്രേലിയയുടെ എ.എസ്.എക്സ് 200 1.6 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
അതേസമയം, പകരച്ചുങ്കത്തിൽ അമേരിക്കക്കെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടാൻ ചൈന തീരുമാനിച്ചിരുന്നു. എന്നാൽ, പല രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടും നേരിട്ട് അമേരിക്കെതിരെ രംഗത്തുവരാൻ അവർ തയാറായില്ല. വിവിധ രാജ്യങ്ങൾ ചർച്ചക്കായി സമീപിച്ച സാഹചര്യത്തിൽ പകരച്ചുങ്ക തീരുമാനം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ചൈനക്കുള്ള തീരുവ 125 ശതമാനമാക്കുകയും ചെയ്തു. ചർച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. അവസാനം വരെ പോരാടുമെന്നും അവർ വ്യക്തമാക്കി.