
പുതിയ ജിപിഎംഐ സ്റ്റാന്റേര്‍ഡുമായി ചൈന
April 11, 2025 0 By BizNews
ഇന്ന് വിപണിയിലുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട് തുടങ്ങി വിവിധ കണക്ടിവിറ്റി പോര്‍ട്ടുകള്‍ കാണാൻ സാധിക്കും. എന്നാല്‍ ഈ സ്റ്റാന്റേര്‍ഡുകളെല്ലാം താമസിയാതെ കാലാഹരണപ്പെട്ടേക്കും.
ജനറല്‍ പര്‍പ്പസ് മീഡിയാ ഇന്റര്‍ഫെയ്‌സ് (ജിപിഎംഐ)എന്ന പുതിയ വയേര്‍ഡ് സ്റ്റാന്റേര്‍ഡുമായി എത്തിയിരിക്കുകയാണ് 50 ചൈനീസ് ടെക്ക് കമ്പനികളുടെ കൂട്ടായ്മയായ ഷെന്‍ഷെന്‍ 8കെ അള്‍ട്രാ എച്ച്ഡി ഇന്‍ഡസ്ട്രി അലയന്‍സ്. വീഡിയോ, ഓഡിയോ, ഡാറ്റ, പവര്‍ എന്നിവയ്‌ക്കെല്ലാമായി ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ജിപിഎംഐ അവതരിപ്പിക്കപ്പെടുന്നത്.
ടൈപ്പ് സി, ടൈപ്പ് ബി എന്നീ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ജിപിഎംഐക്ക് ഉള്ളത്. ഇന്ന് നമ്മള്‍ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി സംവിധാനങ്ങളെ ആകെ പൊളിച്ചെടുക്കുന്ന കണ്ടുപിടിത്തമാണ് ജിപിഎംഐ.
ഓഡിയോ, വീഡിയോ എന്നിവ കൈമാറ്റം ചെയ്യുന്നതിനാണ് എച്ച്ഡിഎംഐ കേബിളുകള്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന റെസലൂഷനിലുള്ള ഡിസ്‌പ്ലേകളിലേക്ക് വേണ്ടിയാണ് ഡിസ്‌പ്ലേ പോര്‍ട്ട് ഉപയോഗപ്പെടുത്തുന്നത്. എച്ച്ഡിഎംഐ 2.2 ല്‍ സെക്കന്റില്‍ 96 ജിബി ബാന്‍ഡ് വിഡ്ത് ലഭിക്കും.
ഡിസ്‌പ്ലേ പോര്‍ട്ടിലാകട്ടെ 80 ജിബിപിഎസ് ആണ് ബാന്‍ഡ് വിഡ്ത്.
ഈ രണ്ട് കണക്ടിവിറ്റിയിലൂടെയും ഉപകരണം പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം എത്തിക്കാനാവില്ല. ചാര്‍ജിങിനായി പ്രത്യേകം ചാര്‍ജ് കേബിള്‍ ഉപയോഗിക്കണം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് തണ്ടര്‍ബോള്‍ട്ട് കണക്ടിവിറ്റി.
ഏറ്റവും പുതിയ തണ്ടര്‍ ബോള്‍ട്ട് 5 ല്‍ 120 ജിബിപിഎസ് ബാന്‍ഡ് വിഡ്തും 240 വാട്ട്‌സ് ഊര്‍ജക്കൈമാറ്റവും സാധ്യമാണ്. പുതിയതായി അവതരിപ്പിക്കപ്പെട്ട ജിപിഎംഐ മുകളില്‍ പറഞ്ഞ കണക്ടിവിറ്റി സ്റ്റാന്റേര്‍ഡുകളുടെ പരിമിതികളെ മറികടക്കുന്നു. ജിപിഎംഐ ടൈപ്പ് സി പതിപ്പ് യുഎസ്ബി സി പോര്‍ട്ടുകളുമായി ബന്ധിപ്പിക്കാനാവും.
96 ജിബിപിഎസ് ബാന്‍ഡ് വിഡ്ത് നല്‍കുന്ന ജിപിഎംഐ ടൈപ്പ് സി 240 വാട്ട്‌സ് ഊര്‍ജക്കൈമാറ്റം സാധ്യമാക്കും. ടൈപ്പ് ബി ആകട്ടെ കൂടുതല്‍ ശക്തിയേറിയതാണ്. ഇതില്‍ ഡാറ്റാ കൈമാറ്റത്തിനായി 192 ജിബിപിഎസ് ബാന്‍ഡ് വിഡ്ത് ലഭിക്കുന്നതിനൊപ്പം 480 വാട്ട്‌സ് ഊര്‍ജക്കൈമാറ്റം സാധ്യമാക്കും.
തണ്ടര്‍ബോള്‍ട്ട് 5 നേക്കാള്‍ കൂടുതലാണിത്. അതായത് ജിപിഎംഐ കേബിള്‍ ഉപയോഗിച്ച് തടസമില്ലാതെ 8കെ വീഡിയോകള്‍ സ്ട്രീം ചെയ്യാനും ഒപ്പം ലാപ്‌ടോപ്പുകളും ടിവികളും ഉള്‍പ്പടെ വലിയ ഉപകരണങ്ങള്‍ക്ക് ചാര്‍ജ് നല്‍കാനും സാധിക്കും.