
ബംഗ്ലാദേശിനുള്ള ട്രാൻസ് ഷിപ്പ്‌മെന്റ് സൗകര്യം ഇന്ത്യ റദ്ദാക്കി
April 11, 2025 0 By BizNews
ന്യൂഡല്‍ഹി: ബംഗ്ലാദേശിന് നല്‍കിയിരുന്ന ട്രാൻസ് ഷിപ്പ്മെന്റ് സംവിധാനം നിർത്തലാക്കി ഇന്ത്യ. ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളേക്ക് എത്തിക്കാനായി പ്രത്യേകമായി നല്‍കിയ സൗകര്യമാണ് ഇന്ത്യ റദ്ദാക്കിയത്.
ബംഗ്ലാദേശില്‍ നിന്നുള്ള കയറ്റുമതിക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സൗകര്യമായിരുന്നു ഇത്. ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും കയറ്റുമതിക്കായി ഉപയോഗിക്കാൻ ഈ സൗകര്യം ബംഗ്ലാദേശിനെ അനുവദിച്ചിരുന്നു.
ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങള്‍ സമുദ്രവുമായി ബന്ധമില്ലെന്നും അതിന് ബംഗ്ലാദേശ് അനിവാര്യമാണെന്നും ഉള്‍പ്പെടെയുള്ള ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ പരാമർശത്തിന് പിന്നാലെയാണ് നീക്കമെന്നതാണ് ശ്രദ്ധേയം.
ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നേപ്പാളുമായും ഭൂട്ടാനുമായും ബന്ധപ്പെടാൻ ചൈനക്കാകുമെന്ന തരത്തിലുള്ള പരാമർശമാണ് യൂനുസിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസിന്റെ പരാമർശം. കടല്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടല്‍സുരക്ഷയില്‍ ബംഗ്ലാദേശാണ് നിർണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഈ പരാമർശത്തിലൂടെ ശ്രമിച്ചത്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്ക് ചരക്കുനീക്കം പെട്ടെന്ന് നടത്തുക എന്ന ഉദ്ദേശ്യത്തോടെ നിരവധി ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാൻ ബംഗ്ലാദേശിന് 2020 മുതലാണ് അനുമതി നല്‍കിയത്.
എന്നാല്‍, എപ്രില്‍ എട്ടിന് കേന്ദ്ര പരോക്ഷ നികുതി ബോർഡ് ( സെൻട്രല്‍ ബോർഡ് ഓഫ് ഇൻഡൈറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസ് – സി.ബി.ഐ.സി) ഇറക്കിയ സർക്കുലറിലാണ് ബംഗ്ലാദേശിന് നല്‍കിയിരിക്കുന്ന സൗകര്യങ്ങള്‍ റദ്ദാക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
സർക്കുലർ വരുന്നതിന് മുമ്ബ് ഇന്ത്യയിലെത്തിയ ചരക്കുകള്‍ നടപടിക്രമങ്ങള്‍ പാലിച്ച് കടത്തിവിടാമെന്നും സർക്കുലറില്‍ പറയുന്നു.
ബംഗ്ലാദേശിന് അനുമതി നിഷേധിച്ചതോടെ ഇത് ഇന്ത്യയിലെ കയറ്റുമതി കമ്ബനികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവർക്ക് ഇത് കൂടുതല്‍ പ്രയോജനം ചെയ്യും.
നിലവില്‍ ഇക്കാര്യത്തില്‍ ബംഗ്ലാദേശുമായി ഇന്ത്യൻ കയറ്റുമതിക്കാർക്ക് മത്സരിക്കേണ്ടി വരുമായിരുന്നു.
ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നില്‍ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇന്ത്യൻ സംസ്ഥാനങ്ങളെ പരാമർശിച്ചത്.
നാല് ദിവസത്തെ ചൈനാ സന്ദർശനത്തിനിടെ ബംഗ്ലാദേശില്‍ കൂടുതല്‍ ഉത്പാദനവും നിർമാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചിരുന്നു.
സാമ്ബത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിലാണ് യൂനുസ് ചൈനയിലേക്ക് പോയത്. ഈ സാഹചര്യത്തിലായിരുന്നു വിവാദപരാമർശം.