
ദുബായില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്
April 11, 2025 0 By BizNews
ദുബായ്: കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിയില്‍ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തില്‍ 173 ശതമാനം വർധനവ്.
ദുബായ് ചേംബർ ഓഫ് കൊമേഴ്സില്‍ അംഗങ്ങളായ വിദേശ കമ്ബനികളില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുണ്ടായത്. ദുബായില്‍ രജിസ്റ്റർ ചെയ്ത 70,000 ത്തിലേറെ ഇന്ത്യൻ കമ്ബനികള്‍ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യ ഇപ്പോഴും ദുബായിയുടെ മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്ന് ദുബായ് ചേംബേഴ്സ് വൈസ് ചെയർമാൻ അഹമ്മദ് ബിൻ ബയാത്ത് പറഞ്ഞു. 2019 മുതല്‍ 2023 വരെയുള്ള അഞ്ച് വർഷങ്ങളില്‍ വിപണികള്‍ തമ്മിലുള്ള എണ്ണയിതര വ്യാപാര മൂല്യം 190 ബില്യൻ യുഎസ് ഡോളറായിരുന്നു.
ഇക്കാലയളവില്‍ 23.7 ശതമാനം വളർച്ചയുണ്ടായി. ഈ വർഷം ആദ്യപാദത്തില്‍ 4500 ലേറെ പുതിയ കമ്ബനികള്‍ ദുബായ് ചേംബർ ഓഫ് കൊമേഴ്സില്‍ ചേർന്നു. ഇത് വർഷംതോറും 16.2 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
ഇന്ത്യൻ കമ്പനികള്‍ക്ക് പ്രിയപ്പെട്ട നിക്ഷേപകേന്ദ്രം കൂടിയാണ് ദുബായ് എന്ന് ദുബായ് ചേംബേഴ്സിന്റെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത വ്യക്തമാക്കി.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ബിസിനസ് ഫോറത്തില്‍ സംബന്ധിച്ചു.